ന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സി.പി.ഐ തിടുക്കപ്പെട്ട് കടുത്ത നിലപാടുകളിലേക്ക് കടക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വിഷയത്തിലെ പാർട്ടിയുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, എൽ.ഡി.എഫ് കൺവീനർ ഔദ്യോഗിക തീരുമാനം വ്യക്തമാക്കുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ചേർന്ന നേതൃയോഗത്തിൽ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് നേതാക്കൾക്കിടയിലുണ്ടായ ധാരണ. ഡൽഹിയിലെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പൂർത്തിയായി. എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ആവശ്യത്തിൽ യാതൊരു അയവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെങ്കിലും ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട അതായിരുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഇടതുമുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു നിലപാടും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് നേരത്തെ ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് എന്നത് സി.പി.ഐ വളർത്തിയെടുത്ത കുഞ്ഞാണെന്നും അതിനെ ഇല്ലാതാക്കുന്ന ഒന്നും പാർട്ടി ചെയ്യില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപനേതൃപദവി ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെങ്കിലും സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.





