കോഴിക്കോട്: സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. താൻ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ആളാണ് ഇപ്പോൾ തന്നെ വിമർശിക്കാൻ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടുചോറ് വാരിപ്പിക്കുന്ന സമീപനമാണിത്; അവർക്കുള്ള മറുപടി നൽകാൻ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പേര് നേരിട്ട് പറയാതെയായിരുന്നു രാഗേഷിനെതിരെയുള്ള ഗോവിന്ദന്റെ പരാമർശങ്ങൾ. ഇത്തരം വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും കുട്ടിത്തമായി മാത്രമേ കാണുന്നുള്ളൂ എന്നും പറഞ്ഞ അദ്ദേഹം, ഈ വിഷയത്തിൽ അടുത്ത ദിവസം കണ്ണൂരിൽ വെച്ച് കൃത്യമായ മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു.
ആളുകളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങൾ കൈക്കലാക്കിയവർ ആരാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. താൻ സി.പി.ഐ.എം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് രാഗേഷ് ജനിച്ചിട്ട് പോലുമില്ല. ആ വിദ്വാനുള്ള മറുപടി കണ്ണൂരിൽ വെച്ച് നൽകും. കെ. സുധാകരനോട് ലക്ഷക്കണക്കിന് വോട്ടുകൾക്കാണ് രാഗേഷ് തോറ്റത്. അങ്ങനെ ദയനീയമായി പരാജയപ്പെട്ട് നിന്നപ്പോഴാണ് അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയത്. രാജ്യസഭാ കാലാവധി കഴിഞ്ഞയുടൻ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. ഈ മഹാൻ പാർട്ടിക്ക് വേണ്ടി എന്ത് ത്യാഗമാണ് ചെയ്തത്? ഒരു ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയം പോലും ഇല്ലാത്തയാളെയാണ് ഇപ്പോൾ പാർട്ടി സെക്രട്ടറിയാക്കി അവരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പാർലമെന്റിൽ സി.പി.ഐ.എമ്മിന്റെ സ്വാധീനം എങ്ങനെ തകർന്നടിഞ്ഞു എന്ന് നേതൃത്വം ചിന്തിക്കുന്നില്ല. തെറ്റുതിരുത്തൽ യോഗങ്ങൾ പലതവണ ചേർന്നെങ്കിലും ഒരു വീഴ്ചയും പരിഹരിക്കപ്പെട്ടില്ല. മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണെന്ന ന്യായം പറഞ്ഞ് താഴെത്തട്ടിലുള്ളവരുടെ വികാരങ്ങൾ നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ല. തങ്ങൾ പറയുന്നത് മാത്രം കേട്ടാൽ മതിയെന്ന ധാർഷ്ട്യത്തിന്റെ ഭാഷയിലാണ് പാർട്ടി സംസാരിക്കുന്നത്. താനിപ്പോൾ പാർട്ടിയുടെ പുറത്താണ്; പാർട്ടിയിലുള്ളവർ ഈ ചോദ്യങ്ങൾ ചോദിക്കട്ടെ. അനധികൃത സ്വത്ത് സമ്പാദനത്തിലും ഫണ്ട് പിരിവിലും എന്തെങ്കിലും തിരുത്തൽ വരുത്താൻ നേതൃത്വം തയ്യാറായോ എന്നും, എന്തുകൊണ്ടാണ് ആളുകൾ പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോകുന്നതെന്ന് ചിന്തിക്കാൻ പാർട്ടി തയ്യാറാകുന്നില്ലെന്നും ഗോവിന്ദൻ തുറന്നടിച്ചു.
സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുള്ള സംഘങ്ങൾക്ക് വേണ്ടി നേതൃത്വം പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെയും വി. കുഞ്ഞികൃഷ്ണനെയും കടന്നാക്രമിച്ചതുകൊണ്ട് സി.പി.ഐ.എം രക്ഷപ്പെടുമോ? ടി.പി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയത് കൊണ്ട് പ്രസ്ഥാനം നന്നായോ? കുട്ടിനേതാക്കളെ ഉപയോഗിച്ച് ഭീഷണി മുഴക്കുന്നത് ജനാധിപത്യ രീതിയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇ.എം.എസും എ.കെ.ജിയുമൊക്കെ ആദ്യകാലത്ത് 'വർഗ്ഗവഞ്ചകർ' എന്ന വിളി കേട്ടവരാണ്. വർഗ്ഗവഞ്ചകൻ, കുലംകുത്തി, പാർലമെന്ററി വ്യാമോഹം തുടങ്ങി പാർട്ടി വിട്ടുപോകുന്നവരെ മുദ്രകുത്താൻ ഒരുപിടി വാക്കുകൾ സി.പി.ഐ.എമ്മിന്റെ നിഘണ്ടുവിലുണ്ട്. പാർട്ടി വിടുന്നവർ വർഗ്ഗവഞ്ചകരും മറ്റ് സംഘടനകളിൽ നിന്ന് വരുന്നവർ വിപ്ലവകാരികളുമായി മാറുന്ന വിചിത്രമായ രീതിയാണിത്. കഴിഞ്ഞ രണ്ടുദിവസമായി തളിപ്പറമ്പിലും പയ്യന്നൂരിലും ചെന്ന് ഭീഷണിപ്പെടുത്തുകയാണ്; പരമാവധി പോയാൽ തങ്ങളെ ഇല്ലാതാക്കുമായിരിക്കും എന്നും ടി.കെ. ഗോവിന്ദൻ തുറന്നുപറഞ്ഞു.





