കൊച്ചി: ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയെ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ ആർക്കും യാതൊരു അവകാശവുമില്ലെന്ന് മന്ത്രി റോജി എം. ജോൺ. നൂറ്റാണ്ടുകൾ നീണ്ട അശ്രാന്ത പരിശ്രമങ്ങളിലൂടെയും ത്യാഗോജ്ജ്വലമായ ചെറുത്തുനിൽപ്പുകളിലൂടെയുമാണ് സ്ത്രീകൾ അടുക്കളത്തടവറകളിൽ നിന്ന് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നടന്നുയർന്നത്. അവരെ വീണ്ടും നാലുചുവരുകൾക്കുള്ളിലേക്ക് മടക്കി അയക്കണമെന്ന് ശഠിക്കുന്ന പിന്തിരിപ്പൻ ചിന്താഗതികൾ ഈ കാലഘട്ടത്തിലും ഉയർന്നു കേൾക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം തുറന്നടിച്ചു. സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ സ്ത്രീകളെ സംബന്ധിച്ച് തുടർച്ചയായി നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മാറ് മറയ്ക്കാനുള്ള മൗലികാവകാശത്തിനായി ധീരമായ പോരാട്ടങ്ങൾ അരങ്ങേറിയ നാടാണിതെന്ന് റോജി എം. ജോൺ ഓർമ്മിപ്പിച്ചു. ഗുരുവായൂർ സത്യാഗ്രഹ വേദിയിൽ ഇടിമുഴക്കമായി പ്രസംഗിക്കുകയും കെ. കേളപ്പന് ശേഷം ഉപവാസമനുഷ്ഠിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആര്യ പള്ളത്തിന്റെയും, 'പുലയടീച്ചർ' എന്ന ജാതീയ അധിക്ഷേപം കേട്ട് പിന്തിരിയാതെ പൊരുതി ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ സ്വന്തം ഒപ്പ് ചാർത്തിയ ദാക്ഷായണി വേലായുധന്റെയും മണ്ണാണിത്. 'ഞാനാണ് നേതാവ്, എന്നെ വെടിവെക്കൂ' എന്ന് തോക്കിൻമുനയിൽ നെഞ്ചുവിരിച്ചുനിന്ന അക്കാമ്മ ചെറിയാന്റെ ചരിത്രമാണ് നമ്മുടേത്. ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവരും വിസ്മരിക്കപ്പെട്ടവരുമായ അനേകം മനുഷ്യർ വെട്ടിത്തെളിച്ച നവോത്ഥാന പാതയിലൂടെയാണ് നമ്മുടെ സ്ത്രീസമൂഹം സർവ്വ അവകാശങ്ങളും പോരാടി നേടിയതും പൊതുവേദികളിൽ തങ്ങളുടെ ഇടം ഉറപ്പിച്ചതും.
ദേശീയതലത്തിൽ പരിശോധിച്ചാൽ, സാവിത്രിഭായ് ഫൂലെ തെളിയിച്ച അക്ഷരവെളിച്ചമാണ് കോടിക്കണക്കിന് പെൺകുഞ്ഞുങ്ങൾക്ക് സ്വപ്നം കാണാനുള്ള ആർജ്ജവം നൽകിയത്. ഭൂമിയുടെ അതിരുകൾക്കപ്പുറം ശൂന്യാകാശത്ത് വരെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സുനിത വില്യംസിന്റെ കാലത്താണ് നാമിന്ന് കഴിയുന്നത്. ദീർഘകാലം രാജ്യത്തിന്റെ ഭരണസാരഥ്യം വഹിച്ച ഇന്ദിരാ ഗാന്ധിയും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിനെ ഏറ്റവുമധികം കാലം നയിച്ച സോണിയ ഗാന്ധിയും മുതൽ ജെസിന്ത ആർഡൻ വരെയുള്ള എത്രയോ പ്രതിഭാധനരായ വനിതകളാണ് തങ്ങളുടെ ഭരണപാടവവും നേതൃശേഷിയും ആഗോളതലത്തിൽ തെളിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസിലും ഗവേഷണ-ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും കേരളത്തിലെ പെൺകുട്ടികൾ അടക്കമുള്ളവർ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. അഡ്വ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി നിയമസഭയെ നയിക്കുമ്പോൾ, കേരളത്തിന്റെ പ്രഥമ ദളിത് വനിതാ മന്ത്രി കെ.എ. തുളസി ടീച്ചറും അഡ്വ. ബിന്ദു കൃഷ്ണയും ഭരണനിർവഹണത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതമെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയിലിരിക്കുന്നത് ദ്രൗപദി മുർമു എന്ന വനിതയാണ്. ഭരണഘടനാപരമായ സമത്വത്തിലാണ് ഈ രാജ്യം നിലനിൽക്കുന്നത്. ജാതി, മത, ലിംഗ ഭേദമന്യേ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണ്. ആ ഭരണഘടനാ സമത്വത്തെ റദ്ദാക്കാനുള്ള അധികാരം ആർക്കുമില്ല. ചരിത്രത്തിന്റെ ഗതി എപ്പോഴും മുന്നോട്ടാണ്; അതിനെ പിറകോട്ട് തിരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കാലം അവർക്ക് തക്ക മറുപടി നൽകുമെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.





