കോഴിക്കോട്: മതപരമായ പരിപാടികളിൽ സ്ത്രീകളെ പൊതുമധ്യത്തിൽ കൊണ്ടുവരരുതെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിലപാടിനെ പൂർണ്ണമായും പിന്തുണച്ച് എസ്.വൈ.എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും സവിശേഷമായ ആത്മീയ ലക്ഷ്യങ്ങളുണ്ടെന്നും, യുവതീയുവാക്കൾ ഒന്നിച്ചിറങ്ങി നൃത്തം ചെയ്യുന്നതും പാടുന്നതും ഈ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത എ.പി. പക്ഷത്തിന്റെ മുഖപത്രമായ 'സിറാജ്' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ഫ്ലവർഷോ, സ്കൗട്ട്, ദഫ് പ്രദർശനം എന്നിവയുടെ പേരിൽ പെൺകുട്ടികളെ പരസ്യമായി പങ്കെടുപ്പിച്ച സാഹചര്യത്തിലാണ് മതപണ്ഡിതന്മാർ പ്രത്യേക ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചതെന്ന് റഹ്മത്തുള്ള സഖാഫി ന്യായീകരിച്ചു. ഇസ്ലാമിക സംസ്കാരം മുറുകെപ്പിടിക്കണമെന്ന് സ്വന്തം സമുദായത്തോട് ഉണർത്തുന്ന ഉപദേശം മാത്രമാണ് അബൂബക്കർ മുസ്ലിയാർ നൽകിയതെന്നും, ഇതിൽ ചിലർ പ്രകോപിതരാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. ഒരു ചിന്തയെ അതിന്റെ തനതായ രൂപത്തിൽ ജീവിക്കാൻ അനുവദിക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം; അല്ലാതെ അന്യരുടെ ഇഷ്ടത്തിന് വഴങ്ങി അതിനെ രൂപമാറ്റം വരുത്തലല്ല. ബാഹ്യമായ പ്രകടനങ്ങളിലോ വെറും വാക്കുകളിലോ അല്ല, ഒരു ജനതയുടെ ആന്തരിക ജീവിത സംസ്കാരത്തിലാണ് യഥാർത്ഥ നവോത്ഥാനം സംഭവിക്കേണ്ടത്. സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കവും പാരമ്പര്യവും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുന്നത് പുരോഗമനമല്ലെന്നും, അത് തികഞ്ഞ വിവരക്കേടും ജനാധിപത്യവിരുദ്ധമായ ഏകാധിപത്യ സ്വഭാവവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറ്റ് വിഷയങ്ങളെപ്പോലെ തന്നെ സ്ത്രീകളുടെ കാര്യത്തിലും ഓരോ വിശ്വാസങ്ങൾക്കും സംസ്കാരങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. സ്ത്രീയും പുരുഷനും തമ്മിൽ സ്വാഭാവികമായ ആകർഷണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ആകർഷണത്തിന് പിന്നിലെ പ്രധാന ഘടകം ലൈംഗികതയാണെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധരും വ്യക്തമാക്കുന്നത്. ചിട്ടയായ കുടുംബസംവിധാനത്തിൽ ജീവിക്കുന്ന മനുഷ്യർ ഇത്തരം കാര്യങ്ങളിൽ കൃത്യമായ ജാഗ്രത കാണിച്ചില്ലെങ്കിൽ അത് വലിയ തോതിലുള്ള സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാം മതം ചില ജീവിത ചിട്ടകളും നിയന്ത്രണങ്ങളും മുന്നോട്ടുവെക്കുന്നതെന്നും സഖാഫി തന്റെ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു.





