തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിന് പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സന്ദർശന സമയത്തിൽ കർശന നിയന്ത്രണം. മുമ്പ് എല്ലാ ദിവസങ്ങളിലും ജനങ്ങൾക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ പരിഷ്കാരപ്രകാരം ഇതിനി ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്.
ഇനിമുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:30 മുതൽ 5:30 വരെ മാത്രമായിരിക്കും സന്ദർശനത്തിന് അനുമതി ഉണ്ടായിരിക്കുക. ഭിന്നശേഷിക്കാർ, വയോധികർ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും കൂടിക്കാഴ്ചയിൽ പ്രഥമ പരിഗണന നൽകുക. ഇവർക്ക് ശേഷമേ മറ്റ് സന്ദർശകർക്ക് അവസരം ലഭിക്കൂ. വരുന്ന ബുധനാഴ്ച മുതൽ ഈ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക തിരക്കുകൾ വർദ്ധിച്ചതിനാലാണ് പൊതുജനങ്ങളെ കാണാനുള്ള സമയം കുറച്ചതെന്നാണ് ഇതിന് നൽകുന്ന വിശദീകരണം.
മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാത്ത ദിവസങ്ങളിൽ ജനങ്ങൾക്ക് തങ്ങളുടെ ആവലാതികൾ സെക്രട്ടേറിയറ്റിലെ പരാതി പരിഹാര സെല്ലിൽ നേരിട്ട് സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഉച്ചതിരിഞ്ഞ് 3 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്താണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ സമയങ്ങളിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനായി മാത്രം പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.





