കൊച്ചി: സി.പി.ഐ.എമ്മിനെയും പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിചാരണ ചെയ്ത് അബിൻ വർക്കി എം.എൽ.എ. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, രക്തത്തിന്റെ മണമുള്ള ശ്മശാനഭൂമിയായി കേരളത്തിലെ സി.പി.ഐ.എം അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച പിന്തുണയിൽ ഗണ്യമായ ഒരു പങ്ക് പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയുള്ള ജനരോഷമായിരുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ എന്ന നേതാവിന്റെ സ്വേച്ഛാധിപത്യം, അഴിമതി, സ്വജനപക്ഷപാതം, ധാർഷ്ട്യം എന്നിവയോടും കാര്യക്ഷമതയില്ലാത്ത ആഭ്യന്തര വകുപ്പിനോടുമുള്ള അതിശക്തമായ പ്രതിഷേധമാണ് ആ വോട്ടുകളിലൂടെ പ്രതിഫലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.ഐ.എം നേതൃത്വം ചില പച്ചയായ സത്യങ്ങൾ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വം സമ്മതിച്ചാലും ഇല്ലെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പൊതുജനങ്ങളോടൊപ്പം തന്നെ ഉള്ളിൽ അമർഷം പുകഞ്ഞ, പരസ്യമായി പ്രതികരിക്കാൻ കഴിയാത്ത പാർട്ടി സഖാക്കളും ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അങ്ങനെ ജനങ്ങളും പ്രവർത്തകരും കൈകോർത്താണ് സർക്കാരിനെ പരാജയപ്പെടുത്തി മൂലയ്ക്കിരുത്തിയതെന്നും ഭരണമാറ്റം സാധ്യമാക്കിയതെന്നും അദ്ദേഹം നിരീക്ഷിച്ചു.
പിണറായിയിൽ നിന്നുള്ള വിടുതലും പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധവും പ്രതീക്ഷിച്ചിരുന്ന സ്വന്തം അണികളെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ടാണ് അദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതൃപദവി ഏൽപ്പിച്ചിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യൽ ആസന്നമായിരിക്കെ, അതിൽ നിന്ന് രക്ഷനേടാൻ ഭരണഘടനാപരവും സംഘടനാപരവുമായ ആനുകൂല്യങ്ങൾ കവചമാക്കുക മാത്രമാണ് ഈ സ്ഥാനലബ്ധിയുടെ ലക്ഷ്യം. അധികാരം നഷ്ടപ്പെട്ടാൽ തങ്ങൾ ദ്രോഹിച്ച ജനങ്ങൾ തങ്ങളെയും കുടുംബത്തെയും എങ്ങനെ നേരിടുമെന്ന ആധിയും പേടിയുമാണ് ഹിറ്റ്ലർ അടക്കമുള്ള ഏകാധിപതികളെ വേട്ടയാടിയിരുന്നത്. അതേ ഭയം കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വളർത്തിയെടുത്ത സ്തുതിപാഠക സംഘത്തെ ഉപയോഗിച്ച് ചരടുവലി നടത്തിയാണ് അദ്ദേഹം വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം കൈക്കലാക്കിയതെന്നും അബിൻ വർക്കി പരിഹസിച്ചു.
തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയൻ നടത്തിയ വിവാദ പ്രസംഗങ്ങളെയും എം.എൽ.എ വിമർശിച്ചു. പാർട്ടി അണികൾ വിയർപ്പൊഴുക്കി ജയിപ്പിച്ച മണ്ഡലങ്ങളിൽ ചെന്നാണ് അണികളോട് തന്നെ തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് എന്തുമാത്രം വിരോധാഭാസമാണ്. നേതൃത്വത്തിന്റെ ഇത്തരം പ്രവൃത്തികളെ ചോദ്യം ചെയ്യാൻ തന്റേടമുള്ള ഒരാൾ പോലും ആ പ്രസ്ഥാനത്തിൽ ഇന്ന് അവശേഷിക്കുന്നില്ല എന്നത് ഓർക്കുമ്പോഴാണ് എം.എൻ. വിജയന്റെ വാക്കുകൾ പ്രസക്തമാകുന്നത്. ഒരു തണലുമില്ലാത്ത, ചോരയുടെ മണമുള്ള ശ്മശാനമായി കേരളത്തിലെ സി.പി.ഐ.എം മാറിയിരിക്കുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.





