കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രതിമാസ കൈക്കൂലി കൈപ്പറ്റിയിരുന്നതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അതീവ ഗൗരവകരമായ അഴിമതി വിവരങ്ങളാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ബാറുകളിൽ നിന്ന് സ്ഥിരമായി ഈടാക്കുന്ന മാസപ്പടിക്ക് പുറമെ പ്രത്യേക സീസണുകളിൽ പ്രത്യേക പിരിവും നടന്നിരുന്നു. ക്രിസ്മസ്, ഓണം തുടങ്ങിയ ഉത്സവ ദിനങ്ങളിലും ലൈസൻസ് പുതുക്കുന്ന അവസരങ്ങളിലും അധിക തുക നൽകണം. ജോസി എന്ന ഇടനിലക്കാരൻ വഴിയാണ് ഓരോ ബാറുടമയും നൽകേണ്ട തുക സംബന്ധിച്ച സന്ദേശം എത്തിച്ചിരുന്നത്.
തുകയ്ക്ക് പുറമെ സൗജന്യ മദ്യവും മറ്റ് അനുകൂല്യങ്ങളും കൈപ്പറ്റുന്ന അനൗദ്യോഗിക 'കോംപ്ലിമെന്റ് സിസ്റ്റം' തന്നെ ഇവർ രൂപീകരിച്ചിരുന്നുവെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. ഈ പിരിവിന് പിന്നിൽ ഒന്നോ രണ്ടോ പേരല്ലെന്നും, ഉന്നത പദവിയിലുള്ളവർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന വലിയൊരു മാഫിയാ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ പണത്തിന് പുറമെ പാരിതോഷികമായി വിദേശമദ്യം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ മാസം 24-ാം തീയതി നടന്ന ഇടപാടുകളുടെ സിസിടിവി ദൃശ്യങ്ങളാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടത്. കൗണ്ടറിലെത്തി മദ്യം വാങ്ങി ബാഗിൽ ഒളിപ്പിച്ച് മടങ്ങുന്ന ചങ്ങനാശേരി എക്സൈസ് റേഞ്ചിലെ ജീവനക്കാരാണ് ദൃശ്യങ്ങളിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെയും മറ്റ് ആറ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കോട്ടയം ആന്റി നാർക്കോട്ടിക് സ്ക്വാഡിലെയും ചങ്ങനാശ്ശേരി സർക്കിൾ, റേഞ്ച് ഓഫീസുകളിലെയും ജീവനക്കാർക്കെതിരെയാണ് നടപടിയുണ്ടായത്. ജില്ലയിലെ ബാറുകളിൽ മിന്നൽ പരിശോധന നടത്താൻ എക്സൈസ് കമ്മീഷണർ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അഴിമതി വിവരങ്ങൾ പുറത്തറിയുന്നത്. ബാറുകളിൽ നിന്ന് പണം പിരിക്കാൻ ഒരു ബാർ മാനേജരെയാണ് ഇയാൾ ചുമതലപ്പെടുത്തിയിരുന്നത്.
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ബാർ മാനേജരെ ചോദ്യം ചെയ്യുന്ന സമയത്താണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ കോൾ വരുന്നത്. കമ്മീഷണർ ജില്ലയിലുണ്ടെന്നും കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇയാൾ ബാർ മാനേജർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. എക്സൈസ് കമ്മീഷണർ നേരിട്ട് ഈ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുകയും തുടർന്ന് മാനേജറുടെ മൊഴിയെടുക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാറിന്റെ വസതിയിൽ റെയ്ഡ് നടത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.





