കണ്ണൂർ: വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് നേരെ വീണ്ടും ആഞ്ഞടിച്ച് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി. ആർ.എസ്.എസ് സ്ത്രീകളെ ഏത് രീതിയിലാണോ നോക്കിക്കാണുന്നത്, അതേ മനോഭാവമാണ് കാന്തപുരത്തിന്റെ വാക്കുകളിലും പ്രതിഫലിക്കുന്നതെന്ന് അവർ തുറന്നടിച്ചു. സ്ത്രീകൾ അടുക്കളത്തടങ്ങളിൽ ഒതുങ്ങിക്കഴിയണം എന്നാണ് അദ്ദേഹം വാദിക്കുന്നത്. കാന്തപുരം ജീവിക്കുന്ന കോഴിക്കോട്ട് നിന്നുതന്നെയല്ലേ ഇസ്ലാം മതത്തിൽ നിന്നുള്ള പെൺകുട്ടി മത്സരിച്ച് നിയമസഭയിലെത്തിയത് എന്ന് അവർ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ പ്രഥമ വനിതാ ഡെപ്യൂട്ടി സ്പീക്കറും ഒരു മുസ്ലിം വനിതയായിരുന്നില്ലേ എന്നും, അവരോട് ആർക്കെങ്കിലും ആദരവ് കുറഞ്ഞിട്ടുണ്ടോ ശ്രീമതി ചോദിച്ചു.
കാന്തപുരത്തിന്റെ സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ആരുംതന്നെ പുറത്തിറങ്ങി നടക്കാറില്ലേ എന്ന് ശ്രീമതി ചോദിച്ചു. മതത്തിൽ പറയുന്ന ആചാരങ്ങളെയും സംരക്ഷണത്തെയുമെല്ലാം മാനിക്കുന്നുണ്ടെങ്കിലും, അബദ്ധങ്ങളോട് ഒത്തുതീർപ്പ് ചെയ്യാൻ സാധ്യമല്ല. കേരളത്തിലായാലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലായാലും ജനപ്രതിനിധികളും രാഷ്ട്രീയ-പൊതുപ്രവർത്തകരുമായി സേവനമനുഷ്ഠിക്കുന്ന മുസ്ലിം സഹോദരിമാരെല്ലാം വീടുകളിലേക്ക് മടങ്ങണം എന്ന് പരസ്യമായി പറയാൻ കാന്തപുരം ധൈര്യം കാട്ടുമോ എന്നും അവർ വെല്ലുവിളിച്ചു.
ഈ വിഷയത്തിൽ സി.പി.ഐ.എം ആരംഭം മുതൽ തന്നെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണാധികാരികൾ മാത്രമല്ല, നീതിബോധമുള്ള പൊതുസമൂഹം മുഴുവൻ ഇതിനെതിരെ ശബ്ദമുയർത്തണം. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും താൻ ഭയപ്പെടുന്നില്ലെന്ന് അവർ വ്യക്തമാക്കി. താൻ പറഞ്ഞത് ശരിയായ കാര്യമാണ്. തനിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ആളുകളുടെ ഉമ്മമാരും സഹോദരിമാരും കുടുംബത്തിലെ സ്ത്രീകളുമെല്ലാം പുറത്തിറങ്ങി ജീവിക്കുന്നവരാണ്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവർത്തകയെന്ന നിലയിൽ തനിക്ക് ഇത്തരം കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കാൻ ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളെ പൊതുവേദികളിൽ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയ കാന്തപുരം, അതിനുശേഷവും തന്റെ പിന്തിരിപ്പൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. സ്ത്രീകൾ പുറത്തിറങ്ങിയാൽ വലിയ വിപത്തുണ്ടാകുമെന്നതിനാലാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും പെണ്ണുങ്ങൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതെന്നുമാണ് കാന്തപുരം വാദിച്ചത്. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് വലിയ നാശത്തിന് വഴിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇതിനെതിരെ കാന്തപുരം വീണ്ടും സ്ത്രീവിരുദ്ധത ഛർദ്ദിച്ചിരിക്കുകയാണെന്ന് ശ്രീമതി കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. പ്രായാധിക്യത്തിന്റെ ജല്പനങ്ങളായി മാത്രം ഇതിനെ ലഘൂകരിച്ച് തള്ളിക്കളഞ്ഞാൽ പുരോഗമന കേരളത്തിന് കാലം മാപ്പ് നൽകില്ലെന്നും അവർ കുറിച്ചിരുന്നു. തുടർന്ന് അവരുടെ പോസ്റ്റിന് താഴെ വലിയ തോതിലുള്ള സൈബർ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.





