കൊച്ചി: നബിദിനവുമായി ബന്ധപ്പെട്ട ഘോഷയാത്രകളിൽ പെൺകുട്ടികളെ പങ്കാളികളാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത എ.പി. വിഭാഗം നേതാവും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി. നബിദിനാഘോഷങ്ങളുടെ പേരിൽ പെൺകുട്ടികളെ പൊതുനിരത്തിലിറക്കി തുള്ളിക്കുന്ന പ്രവണത ചിലയിടങ്ങളിൽ കാണാനിടയായെന്നും, മതനിയമങ്ങൾ പാലിച്ച് ഇത് തിരുത്താൻ മതപണ്ഡിതന്മാർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക പാഠങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്താനാണ് കാന്തപുരം നേരത്തെ പരസ്യ പ്രസ്താവന നടത്തിയത്.
ഈ വർഷം ചില ഭാഗങ്ങളിൽ റാലികൾ സംഘടിപ്പിച്ച് പെൺകുട്ടികളെ പരസ്യമായി തുള്ളിക്കുന്ന കാഴ്ചകളുണ്ടായി. ഇത്തരം തെറ്റുകൾ തിരുത്തേണ്ടത് പണ്ഡിതന്മാരുടെ കടമയാണ്. തങ്ങളുടെ ജീവിതരീതികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകേണ്ടത് മതപണ്ഡിതന്മാരാണെന്നും രാഷ്ട്രീയ നേതാക്കളല്ലെന്നും സ്ത്രീസമൂഹം തന്നെ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ പ്രദർശനവസ്തുവാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. ഭരണഘടനാവിരുദ്ധമായ അത്തരം ആവശ്യങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും, അത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണമായും വസ്ത്രം ധരിച്ചും അർദ്ധനഗ്നരായും പൂർണ്ണ നഗ്നരായും ജനങ്ങൾക്ക് ജീവിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു മതേതര രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾ വേദന സഹിച്ച് പ്രസവിക്കേണ്ടതില്ലെന്ന തെറ്റായ ചിന്താഗതിയാണ് സമൂഹം ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും അസ്ഹരി ആരോപിച്ചു. പുതിയ കാലത്തെ സ്ത്രീകൾ പ്രസവവേദന സഹിക്കാനോ കുട്ടികളെ പ്രസവിക്കാനോ താല്പര്യപ്പെടുന്നില്ല. ഒന്നുരണ്ട് കുട്ടികൾ മതിയെന്ന കാഴ്ചപ്പാടിലേക്ക് തലമുറകൾ മാറിയതിന്റെ ഭവിഷ്യത്ത് നാളെ സമൂഹം അനുഭവിക്കേണ്ടി വരും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും തകർച്ചയ്ക്കാണ് ഇത് വഴിവെക്കുന്നത്. യുക്തിവാദികൾ സ്ത്രീകളെ തെറ്റായ രീതിയിൽ സ്വാധീനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക ജോലികൾ ചെയ്യുന്നത് മോശമായ കാര്യമാണെന്ന് വരുത്തിത്തീർക്കുകയാണ്. അടുക്കളപ്പണികളിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിച്ച് ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യാനാണ് അവർ ഉപദേശിക്കുന്നത്. വീട്ടിലിരുന്ന് പാചകം ചെയ്യുന്നത് വലിയ അപരാധമാണെന്ന ധാരണ അവരിൽ കുത്തിവെച്ചു. വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഭാരതം. ഇവിടെ എല്ലാവരും ഒരേ ആഹാരം തന്നെ കഴിക്കണമെന്നോ, ഒരേ സംസ്കാരവും ഭാഷയും വിവാഹരീതികളും മാത്രം പിന്തുടരണമെന്നോ വാശിപിടിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ആത്മീയചിട്ടകളോടെ അച്ചടക്കപൂർണ്ണമായ ജീവിതം നയിക്കാൻ മുസ്ലിം സ്ത്രീകൾ സ്വയം തീരുമാനിച്ചാൽ അതിനെ എതിർക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും അസ്ഹരി കൂട്ടിച്ചേർത്തു.





