കണ്ണൂർ: പിണറായി വിജയന്റെ പ്രസംഗത്തിലെ ഭാഷ ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്ന് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ തെറ്റുപറ്റിയെന്ന കാര്യം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിക്ക് പോലും ബോധ്യപ്പെട്ടതാണ്. എന്നാൽ ആ കണ്ടെത്തലിനെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പിണറായിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിയും ഇതേ നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മാസപ്പടി കേസ് അടക്കമുള്ള സുപ്രധാന ആരോപണങ്ങളിൽ ജനങ്ങൾക്ക് വിശ്വാസയോഗ്യമായ വിശദീകരണം പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം അദ്ദേഹം ഒളിച്ചോടിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് താൻ പയ്യന്നൂരിൽ വിജയം നേടിയതെന്നാണ് പാർട്ടിയുടെ വാദം. എന്നാൽ അത്രയധികം ജനങ്ങളെ ഒറ്റയ്ക്ക് തെറ്റിദ്ധരിപ്പിക്കാൻ തനിക്ക് സാധിച്ചുവെങ്കിൽ പിന്നെ എന്തുതരം തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് മണ്ഡലത്തിൽ സി.പി.ഐ.എം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. ഇപ്പോഴും പ്രവർത്തകരെ ഭയപ്പെടുത്തി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ ഭാവമെന്നും, സ്വയം തിരുത്താൻ അവർ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നുമാണ് നേതാക്കളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
പ്രസ്ഥാനത്തിനകത്തു തന്നെ നിലയുറപ്പിച്ചുകൊണ്ട് പാർട്ടിയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് പയ്യന്നൂരിൽ ഉണ്ടായതെന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയൻ കുറ്റപ്പെടുത്തിയത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റുകളിലേക്ക് കുഞ്ഞികൃഷ്ണൻ വഴിമാറിയെന്നും, ഇത് വോട്ടർമാരിൽ സംശയത്തിന് വഴിവെച്ച് യാഥാർത്ഥ്യങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും പിണറായി പറഞ്ഞിരുന്നു. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ കർശന നടപടിയെടുക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ രീതിയെന്നും, പാർട്ടിയെ തകർക്കാൻ ശത്രുക്കളുടെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചിരുന്നു.





