തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് (കെ.ടി.യു) കീഴിലുള്ള തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ഉത്തരക്കടലാസ് പരിശോധനയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ആകെയുള്ള 74 വിദ്യാർത്ഥികളിൽ 46 പേരും പരാജയപ്പെട്ട നിലയിലായിരുന്നു. എന്നാൽ വിദഗ്ദ്ധരായ മറ്റ് അധ്യാപകരെക്കൊണ്ട് ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിപ്പിച്ചപ്പോൾ പല വിദ്യാർത്ഥികളുടെയും മാർക്കിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായതായി കണ്ടെത്തി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് പരാതി സമർപ്പിച്ച് അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
2026 ഏപ്രിൽ മാസത്തിൽ നടന്ന നാലാം സെമസ്റ്റർ 'പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ്' പരീക്ഷയുടെ മൂല്യനിർണ്ണയത്തിലാണ് ഈ പിഴവ് സംഭവിച്ചതെന്നാണ് ആരോപണം. ഈ പരീക്ഷയെഴുതിയ 74 വിദ്യാർത്ഥികളിൽ 46 പേർക്കും തോൽവിയായിരുന്നു ഫലം. തുടർന്ന് തങ്ങളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് വാങ്ങി പരിചയസമ്പന്നരായ അധ്യാപകരെ കാണിച്ചപ്പോഴാണ് മാർക്കിട്ടതിലെ വലിയ അപാകതകൾ പുറത്തുവന്നത്. കേവലം 11 മാർക്ക് മാത്രം നൽകി പരാജയപ്പെടുത്തിയ ഒരു വിദ്യാർത്ഥിക്ക് യഥാർത്ഥത്തിൽ 36.5 മാർക്കിന് അർഹതയുണ്ടായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഈ പേപ്പറിന്റെ പുനർമൂല്യനിർണ്ണയമോ സപ്ലിമെന്ററി പരീക്ഷയോ നടന്നിട്ടില്ല. സാധാരണയായി സപ്ലിമെന്ററി പരീക്ഷ അവസാനിച്ച ശേഷമാണ് റീവാല്യുവേഷൻ ഫലം വരുന്നത് എന്നതും, ഇതിനായി വലിയ തുക ഫീസിനത്തിൽ സർവകലാശാലയിലേക്ക് അടയ്ക്കേണ്ടി വരുന്നു എന്നതും വിദ്യാർത്ഥികൾക്ക് ഇരട്ടി ഭാരമാവുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസിനെ നേരിട്ട് സമീപിച്ച് പരാതി നൽകിയത്.





