തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കസേരയെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ തർക്കം പുകയുന്നു. ഇരട്ടപ്പദവി പാടില്ലെന്ന് വാദിക്കുന്നവർ മുൻകാലങ്ങളിൽ ഒന്നിലധികം പദവികൾ ഒരേസമയം കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാകണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് വരാനുള്ള താല്പര്യം പരോക്ഷമായി വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കേണ്ട അന്തിമ അധികാരം എ.ഐ.സി.സിക്കാണെന്നും ആ തീരുമാനത്തിൽ മറ്റാർക്കും ഇടപെടാനാകില്ലെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എം.പിമാർ ആരും മത്സരരംഗത്തേക്ക് ഇറങ്ങേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത് എ.ഐ.സി.സിയായിരുന്നു. പാർട്ടി ഹൈക്കമാൻഡ് ആ നിലപാട് വ്യക്തമാക്കിയപ്പോൾ പൂർണ്ണമനസ്സോടെ തങ്ങളെല്ലാം അത് അനുസരിച്ചു. ഇരട്ടപ്പദവി വേണ്ടെന്ന് ഇപ്പോൾ വാദിക്കുന്ന പല നേതാക്കളും അധികാരത്തിലിരുന്നപ്പോൾ ഇരട്ടപ്പദവികൾ വഹിച്ചിരുന്നു എന്ന യാഥാർത്ഥ്യം കൂടി കാണേണ്ടതുണ്ട്. അല്ലാതെ കയ്യിലുള്ള അധികാരം ഒഴിഞ്ഞശേഷം മറ്റുള്ളവർക്ക് നേരെ തത്വചിന്തകൾ വിളമ്പുന്നതിൽ ഒരു ന്യായവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.





