കൊച്ചി: സ്ത്രീകളുടെ പൊതുസാന്നിധ്യം സംബന്ധിച്ച വിവാദ പരാമർശങ്ങളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പൂർണ്ണ പിന്തുണയുമായി എസ്.വൈ.എസ് നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗ്ഗനിർദ്ദേശം നൽകേണ്ട ചുമതല ഇസ്ലാം മത പണ്ഡിതന്മാർക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തിയ സി.പി.ഐ.എം നേതാക്കൾക്കുള്ള ശക്തമായ മറുപടിയായാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
ശ്രീമതി ടീച്ചറും കെ.കെ. ശൈലജ ടീച്ചറുമെല്ലാം ആദ്യം സംസാരിക്കേണ്ടത് സ്വന്തം പാർട്ടിയിലും ഭരണത്തിലും ഒപ്പം നിന്ന് പണിയെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കായിട്ടാണെന്ന് അദ്ദേഹം പരിഹസിച്ചു. പതിനായിരക്കണക്കിന് സ്ത്രീകൾക്ക് അറിവും തണലും പകർന്നുനൽകുന്ന വലിയൊരു സ്ത്രീ സമുദ്ധാരകനാണ് കാന്തപുരം ഉസ്താദ്. പ്രസ്താവനകളുടെ പേരിൽ പോര് നടത്തുന്നവർ സ്ത്രീകൾക്ക് വേണ്ടി എന്തൊക്കെ പ്രയോജനപ്രദമായ കാര്യങ്ങളാണ് ചെയ്തതെന്ന് സ്വയം വിലയിരുത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതപരമായ ആഘോഷങ്ങളുടെ പേരിൽ മുസ്ലിം വനിതകൾ തെരുവോരങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം സ്വന്തം സമുദായത്തിലെ സ്ത്രീകളോടാണ് സമസ്ത മുന്നോട്ടുവെച്ചത്. സ്ത്രീത്വത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും അവർക്ക് സുരക്ഷിതത്വവും കരുതലും നൽകാനുമായി വിശുദ്ധ ഖുർആൻ മുന്നോട്ടുവെച്ച കാര്യങ്ങളാണിത്. ഇതിൽ പുറത്തുനിന്നുള്ളവർ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, കാര്യങ്ങൾ തുറന്നുപറയാനും താല്പര്യമുള്ളവർക്ക് അത് പിന്തുടരാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്യപുരുഷന്മാർ പങ്കെടുക്കുന്ന പൊതുവേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ പരിധിവിട്ടുപോകുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന. നബിദിന പരിപാടികളിൽ സ്ത്രീകളെ ഉൾപ്പെടുത്തിയത് ചില ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പിന് കാരണമായതിനെത്തുടർന്നാണ് മഹല്ലുകൾക്കും മദ്രസകൾക്കും സമസ്ത കാന്തപുരം വിഭാഗം ഈ നിർദ്ദേശം നൽകിയത്. എന്നാൽ പൊതുസമൂഹത്തിൽ നിന്ന് ഇതിനെതിരെ വ്യാപകമായ വിയോജിപ്പുകൾ ഉയരുകയുണ്ടായി. ഒട്ടേറെ സി.പി.ഐ.എം നേതാക്കൾക്ക് പുറമെ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ വിദ്യാർത്ഥി-യുവജന സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തി. അതേസമയം, കാന്തപുരം വിഭാഗത്തിന്റെ ഈ നിലപാടിന് പൂർണ്ണ പിന്തുണ നൽകുന്ന സമീപനമാണ് സമസ്ത ഇ.കെ വിഭാഗവും കൈക്കൊണ്ടത്.





