കണ്ണൂർ: പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. പയ്യന്നൂർ മണ്ഡലത്തിൽ ബി.ജെ.പിക്ക് പതിനായിരത്തിലധികം വോട്ടുകൾ കുറഞ്ഞുവെന്നും ആ വോട്ടുകൾ പോയത് വി. കുഞ്ഞികൃഷ്ണന്റെ അക്കൗണ്ടിലേക്കാണെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. കുഞ്ഞികൃഷ്ണൻ ബി.ജെ.പിയുമായി രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാക്കിയോ എന്ന് അദ്ദേഹം ആരാഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് വി. കുഞ്ഞികൃഷ്ണൻ കള്ളപ്രചാരണം അഴിച്ചുവിടുകയായിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. ഫണ്ടിന്റെ കണക്കുകൾ ബോധ്യപ്പെടുത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നുവെന്നത് വാസ്തവമാണ്, ആ വീഴ്ച പാർട്ടി തുറന്നുസമ്മതിച്ചിട്ടുമുണ്ട്. എന്നാൽ അതിൽനിന്ന് ഒരു രൂപയുടെ പോലും സാമ്പത്തിക വെട്ടിപ്പ് ആരും നടത്തിയിട്ടില്ല. രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത വ്യക്തിയായി ടി.ഐ. മധുസൂദനനെ കുഞ്ഞികൃഷ്ണൻ ചിത്രീകരിക്കുകയായിരുന്നു. ധനരാജിനെ കൊലപ്പെടുത്തിയവരുമായി പോലും ഇയാൾ രഹസ്യധാരണയുണ്ടാക്കി. അതുകൊണ്ടുതന്നെ ധനരാജിന്റെ നാമം ഉച്ചരിക്കാൻ ഇനി കുഞ്ഞികൃഷ്ണന് യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ പാളിച്ചകൾ സംഭവിച്ചിരുന്നുവെന്ന കാര്യം പാർട്ടി അംഗീകരിച്ചതാണ്. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയും ശരിവെച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ ബോധപൂർവ്വമായ വ്യാജപ്രചാരണങ്ങൾ നടക്കുകയായിരുന്നു. ആ ഘട്ടത്തിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിവെക്കുന്നതിന് തുല്യമാകുമായിരുന്നില്ലേ എന്നും രാഗേഷ് ചോദിച്ചു.
പയ്യന്നൂരിൽ പ്രസ്ഥാനത്തിന് കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്നു. രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന വ്യാജ ആരോപണം ജനം പൂർണ്ണമായും തള്ളിക്കളയുമെന്ന ഉറപ്പിലാണ് ടി.ഐ. മധുസൂദനനെ തന്നെ മത്സരരംഗത്ത് നിലനിർത്തിയത്. മധുസൂദനനെ അപകീർത്തിപ്പെടുത്താൻ വ്യാജപ്രചാരണം നടത്തിയതിന് വി. കുഞ്ഞികൃഷ്ണനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കുമെന്നും, രക്തസാക്ഷികൾ ചോരയൊഴുക്കിയ മണ്ണിനെ കുഞ്ഞികൃഷ്ണൻ വഞ്ചിക്കുകയാണുണ്ടായതെന്നും കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി.





