കൊച്ചി: സ്ത്രീസമൂഹത്തെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സർക്കുലറിലെ നിലപാടുകൾ അങ്ങേയറ്റം പ്രതിഷേധാർഹവും ജനാധിപത്യ ബോധമുള്ള ഒരു നാടിന് ചേരാത്തതുമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പൊതുവഴികളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന വാദങ്ങൾ ഇന്നത്തെ ആധുനിക സമൂഹത്തിന് ഒട്ടും നിരക്കുന്നതല്ല. വ്യത്യസ്ത തുറകളിൽ കഴിവ് തെളിയിച്ച ഒട്ടേറെ മുസ്ലിം വനിതകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ നേതൃത്വം നൽകുകയും ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത കാലഘട്ടമാണിത്. രാഷ്ട്രീയം, വിദ്യാഭ്യാസം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീകൾ മുൻനിരയിലേക്ക് കടന്നുവരുന്ന ഈ വേളയിൽ, അവരെ വീടുകളുടെ അകത്തളങ്ങളിലേക്ക് ഒതുക്കാനും പൊതുധാരയിൽ നിന്ന് അകറ്റിനിർത്താനും ശ്രമിക്കുന്ന ഇത്തരം നിലപാടുകൾ പുരോഗമന സമൂഹത്തിന് തീരാക്കളങ്കമാണെന്ന് നേതാക്കൾ പറഞ്ഞു.
സ്ത്രീകൾ പൊതുഇടങ്ങളിൽ എത്തുന്നതിനെ 'പ്രദർശനം' എന്ന് ലേബൽ ചെയ്യുന്നത് കടുത്ത സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുശാസിക്കുന്ന സമത്വത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണിത്. ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന സമത്വത്തിനുള്ള അവകാശവും ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം സ്ത്രീകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മതവിശ്വാസത്തിന്റെ പേരിൽപ്പോലും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ കവർന്നെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ലോകം മുന്നോട്ട് കുതിക്കുമ്പോൾ സമൂഹത്തെ പ്രാചീന കാലത്തിലേക്ക് തിരിച്ചുനടത്താനാണ് ഇത്തരം നിർദ്ദേശങ്ങളിലൂടെ യാഥാസ്ഥിതിക വിഭാഗങ്ങൾ ശ്രമിക്കുന്നത്. തുല്യനീതിക്കും സ്ത്രീ-പുരുഷ സമത്വത്തിനും പുരോഗമന ആശയങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്ന ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി പരിഗണിക്കുന്നതുമായ പിന്തിരിപ്പൻ കാഴ്ചപ്പാടുകളെ നിരാകരിക്കാനും, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കാത്തുസൂക്ഷിക്കാനും വിദ്യാർത്ഥികളും പൊതുജനങ്ങളും മുന്നോട്ടുവരണമെന്നും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.





