മലപ്പുറം: പ്രശസ്ത വ്ലോഗറും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഉച്ചയോടെ ശാരീരിക അസ്വസ്ഥതകൾ കടുത്തതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വാലിഹിന്റെ വിയോഗവാർത്ത മുസ്ലിം ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ന് പ്രഭാതത്തിൽ സ്വാലിഹുമായി ഫോണിലൂടെ സംസാരിച്ചിരുന്നുവെന്നും ശ്വാസതടസ്സം നേരിടുന്ന വിവരം അദ്ദേഹം പങ്കുവെച്ചിരുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ സ്വാലിഹ്, ശാരീരിക പരിമിതികളെ അതിജീവിച്ച് തയ്യാറാക്കിയ വീഡിയോകളിലൂടെ വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കരേക്കാട് സി.കെ പാറ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കുക.





