കോട്ടയം: വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ പുതുപ്പള്ളി സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താരം പുതുപ്പള്ളിയിൽ എത്തിയത്. തുടർന്ന് പുതുപ്പള്ളി കവലയിൽ ഒരുക്കിയ ചടങ്ങിലും, ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് നടന്ന പൊതുപരിപാടിയിലും അദ്ദേഹം സംബന്ധിച്ചു.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയായ ക്രിസ് ഗെയിൽ കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.40-ന് ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
കേരളത്തിൽ മികച്ച പ്രതിഭകളായ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉണ്ടെന്നും കെ.സി.എൽ (KCL) പോലുള്ള ടൂർണമെന്റുകൾ അവർക്ക് ലഭിക്കുന്ന വലിയൊരു വേദിയാണെന്നും വിൻഡീസ് താരം ഇതിനുമുമ്പ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇത്തരം മത്സരങ്ങളിലൂടെ യുവതാരങ്ങൾ ഉയർന്ന തലത്തിലേക്ക് വളർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മുമ്പൊരിക്കൽ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഇങ്ങോട്ട് വീണ്ടും വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഗെയിൽ പറഞ്ഞിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് താൻ കെ.സി.എൽ ടീമിന്റെ ഭാഗമായി മാറിയത്. കേരളത്തിൽ ധാരാളം മികച്ച കളിക്കാരുണ്ട്, അവർക്ക് വലിയ അവസരങ്ങളാണ് കെ.സി.എൽ സമ്മാനിക്കുന്നത്. ഇത്തരം ടൂർണമെന്റുകളെ ഉപയോഗപ്പെടുത്തി അവർ ഉന്നത നിലവാരത്തിലെത്തണമെന്നും ഗെയിൽ ഓർമ്മിപ്പിച്ചിരുന്നു.





