തിരുവനന്തപുരം: ഓണക്കാല വിപണിയിൽ ചരിത്രനേട്ടവുമായി സപ്ലൈകോ. കഴിഞ്ഞ 33 ദിവസങ്ങൾക്കിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം സ്വന്തമാക്കിയത്. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇതിൽ ഓഗസ്റ്റ് 1 മുതലുള്ള വിൽപ്പനയിലൂടെ മാത്രം 320 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സീസണിൽ (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിൽ) രേഖപ്പെടുത്തിയ 385 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണ കേവലം 33 ദിവസങ്ങൾ കൊണ്ട് മറികടന്നത്. ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും അനുഭവപ്പെട്ട വൻ ജനത്തിരക്കാണ് ഈ നേട്ടത്തിലേക്ക് വഴിയൊരുക്കിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ മേളകൾ ഉൾപ്പെടെയുള്ള ജില്ലാതല ഫെയറുകളിലൂടെ 4.65 കോടി രൂപയുടെ വ്യാപാരം നടന്നു. തലസ്ഥാനത്തെ മെഗാ ഫെയറിൽ നിന്നുമാത്രം 81 ലക്ഷം രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനമായ ഓഗസ്റ്റ് 25-നും സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും പ്രത്യേക മേളകളും ഉപഭോക്താക്കൾക്കായി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.





