തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ ഓണാഘോഷത്തിനായി സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് തുക കൈമാറിയത്. സംസ്ഥാനത്തെ 16 സംരക്ഷണ കേന്ദ്രങ്ങളിലായുള്ള 250 കുട്ടികൾക്കായി ഓണസദ്യ, വിനോദയാത്ര, സിനിമ പ്രദർശനം എന്നിവ ഇതിലൂടെ ഒരുക്കും.
അതോടൊപ്പം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1105 കോടി രൂപ വകയിരുത്തി. ക്ഷേമനിധി ബോർഡുകൾ മുഖേനയുള്ള പെൻഷൻ നൽകുന്നതിനായി 32 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഒരു മാസത്തെയും പെൻഷൻ മുടങ്ങരുതെന്ന യു.ഡി.എഫ് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
51,59,472 ഗുണഭോക്താക്കൾ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷാ പെൻഷനായി സംസ്ഥാന വിഹിതത്തിൽ നിന്ന് 951.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം പേർക്കായി 130.32 കോടി രൂപയും, ദേശീയ സാമൂഹ്യ സഹായ പദ്ധതി (എൻ.എസ്.എ.പി) വഴിയുള്ള വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷൻ ലഭിക്കുന്ന 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായ 24.76 കോടി രൂപയും അനുവദിച്ചു. ഓഗസ്റ്റ് 31-നകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.





