മലപ്പുറം: മൂവാറ്റുപുഴയെ ജില്ലയാക്കി മാറ്റാമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെത്തുടർന്ന് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. കേരളത്തിൽ പുതിയൊരു ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മുൻഗണന നൽകേണ്ടത് തിരൂരിനാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ വ്യക്തമാക്കി. കാൽനൂറ്റാണ്ട് മുൻപേ ഉയർന്നു വന്ന ഈ ന്യായമായ ആവശ്യത്തിന് സർക്കാർ അംഗീകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴയേക്കാൾ കൂടുതൽ അടിയന്തര പ്രാധാന്യം മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനാണ് എന്ന് പി.കെ. നവാസ് എം.എൽ.എയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തിരൂർ, പൊന്നാനി, തിരൂരങ്ങാടി എന്നീ താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ കേന്ദ്രമാക്കി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ പ്രധാന ആവശ്യം. ഏറ്റവും ഉയർന്ന ജനസംഖ്യ, പുരാതന നഗര പാരമ്പര്യം, വിപുലമായ തീരദേശം, തുഞ്ചന്റെ നാട് എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്ന തിരൂരിനെ ജില്ലയാക്കാൻ ഉറച്ചുനിൽക്കുമെന്നും, താലൂക്കുകളും ജില്ലകളും സംസ്ഥാന തലത്തിൽ സമഗ്രമായി പുനഃക്രമീകരിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ ജില്ലയാക്കുന്നതിനേക്കാൾ മലപ്പുറത്ത് പുതിയ ജില്ല അനിവാര്യമാണെന്ന് സ്ഥിതിവിവരക്കണക്കുകൾ നിരത്തി പി.കെ. നവാസ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി ഇരു വിഭാഗം സമസ്ത സംഘടനകളും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ അറിയിച്ചു.





