തിരുവനന്തപുരം: പ്രകൃതിഭംഗി തുളുമ്പുന്ന ഓണക്കാലത്തിന്റെ സന്തോഷം ജനങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും, ആഘോഷങ്ങൾ ആനന്ദകരമാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി. ലഭ്യമാക്കിയ തുക പൂർണ്ണമായി വിനിയോഗിക്കാൻ നിർദ്ദേശിച്ച അദ്ദേഹം, നമ്മുടെ പാരമ്പര്യ ഓണാനുഭവങ്ങൾ വരുംതലമുറകളിലേക്കും പകർന്നുനൽകണമെന്നും കേരളത്തെ ആഗോളതലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. കരയും കായലും കോർത്തിണക്കിയുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതി സർക്കാർ നടപ്പിലാക്കും.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയത് മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ ഇവിടെ ചിലവഴിക്കാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ബീച്ച് ടൂറിസവും റിവർ-ഫോറസ്റ്റ് ടൂറിസവും പ്രോത്സാഹിപ്പിക്കും. ഇന്റർനാഷണൽ മാരിടൈം മ്യൂസിയം, ഫിലിം സിറ്റി എന്നിവ ആരംഭിക്കുമെന്നും തലസ്ഥാന നഗരത്തിനായി സമഗ്രമായ മറ്റൊരു ബൃഹദ് പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിപുലമായ ടൂറിസം പദ്ധതികളിലൂടെയുള്ള സമഗ്ര വികസനമാണ് സംസ്ഥാനത്തിന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണം മലയാളികളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന വികാരമാണെന്ന് ചടങ്ങിൽ സംസാരിച്ച നടൻ കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. രൂപഭാവങ്ങൾക്കും കാലത്തിനും അതീതമായ ഒരുമയുടെ പ്രതീകമാണ് മഹാബലി. അദ്ദേഹം നാടുവാണ കാലത്തെ സമത്വസുന്ദരമായ ഭരണരീതി മാറിവരുന്ന മുഖ്യമന്ത്രിമാർക്ക് എക്കാലവും മാതൃകയാണെന്നും, ജനപ്രിയനായ ഒരു ഭരണാധികാരി കാലഘട്ടങ്ങൾക്ക് അപ്പുറവും സ്മരിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് മഹാബലിയെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖല വളരുമ്പോൾ ലഹരിയുടെ സ്വാധീനവും വർദ്ധിക്കാറുണ്ടെന്നും, ആ പശ്ചാത്തലത്തിൽ സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി ഏറെ പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതലമുറയെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഈ പദ്ധതിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





