കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ജില്ലാ രൂപീകരണ ചർച്ചകൾ നടക്കുമ്പോൾ മലപ്പുറം ജില്ലയെയും പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മലപ്പുറം വലിയ തോതിലുള്ള വിവേചനമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴയെക്കുറിച്ച് മാത്രമല്ല മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും, ജില്ലകളുടെ പുനഃസംഘടനയെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുള്ള സാഹചര്യത്തിൽ അവരുടെ റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
45 ലക്ഷം ആളുകൾ അധിവസിക്കുന്ന മലപ്പുറത്തിനും 15 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇതര ജില്ലകൾക്കും ഒരേ തോതിൽ വിഭവ വിഹിതം നൽകുന്നത് കടുത്ത അനീതിയാണെന്നും ഈ സ്ഥിതിക്ക് നിർബന്ധമായും മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊക്കെ കാലാനുസൃതമായി പുതിയ ജില്ലകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേരളത്തിലും എന്തുകൊണ്ട് ഇത് സാധ്യമാകുന്നില്ലെന്നും പി.എം.എ. സലാം ചോദിച്ചു.
അതേസമയം, വഖഫ് ബോർഡിൽ നിന്ന് തന്നെയും ഹംസയെയും പുറത്താക്കാനാണ് നീക്കമെന്ന സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തി. ആരാണ് ഉമർ ഫൈസി മുക്കം എന്നും അങ്ങനെയൊരാളെ തനിക്ക് അറിയില്ലെന്നുമാണ് പി.എം.എ. സലാം പരിഹാസരൂപേണ പ്രതികരിച്ചത്.





