തിരുവനന്തപുരം: നടൻ ദേവന് ടി.വി.കെയുടെ കേരള ഘടകം പ്രസിഡന്റ് പദവി നൽകുന്നത് സംബന്ധിച്ച് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സിനിമ-സീരിയൽ താരം പ്രിയങ്ക. മൂന്ന് മാസങ്ങൾക്ക് മുൻപാണ് താൻ തമിഴക വെട്രി കഴകത്തിൽ അംഗത്വമെടുത്തതെന്ന് അവർ വെളിപ്പെടുത്തി. ദേവന്റെ ടി.വി.കെ പ്രവേശനവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ ദേവന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും, കൂടുതൽ കലാകാരന്മാരെ സംഘടനയുടെ ഭാഗമാക്കാൻ പാർട്ടിക്ക് താല്പര്യമുണ്ടെന്നും ഇതിനായുള്ള പട്ടിക തയ്യാറായി വരികയാണെന്നും പ്രിയങ്ക അറിയിച്ചു.
ബി.ജെ.പി വിട്ടതിന് ശേഷമാണ് താൻ ദേവനുമായി സംസാരിച്ചത്. ഇത് തികച്ചും പ്രാഥമിക ചർച്ച മാത്രമായിരുന്നു. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ സംഘടനാ പദവികളെക്കുറിച്ച് യാതൊരു സംസാരവും ഉണ്ടായിട്ടില്ലെന്നും, പാർട്ടി അധ്യക്ഷൻ വിജയ്‌യുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ എന്നും നടി വ്യക്തമാക്കി. യാതൊരുവിധ സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചല്ല താൻ ടി.വി.കെയിൽ എത്തിയത്. പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന നേതാവാണ് വിജയ് എന്നും, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ ടി.വി.കെയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സതീഷ് തോന്നയ്ക്കലാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്. കലാകാരന്മാർക്ക് വലിയ പ്രാധാന്യവും പിന്തുണയും നൽകുന്ന സംഘടനയാണ് ടി.വി.കെ എന്ന് മനസ്സിലാക്കിയാണ് പാർട്ടിയിൽ ചേരാൻ താല്പര്യം അറിയിച്ചത്. ഇതിനിടെയാണ് നടൻ ദേവൻ ബി.ജെ.പി വിടുന്നത്. തുടർന്ന് അദ്ദേഹവുമായി ബന്ധപ്പെടാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് സതീഷ് തോന്നയ്ക്കൽ ആരാഞ്ഞു. ഇതേത്തുടർന്ന് താനാണ് ദേവനെ ഫോണിൽ വിളിച്ച് സംസാരിച്ചത്. പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നേതൃസ്ഥാനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലെ ഒരു ക്ഷേത്ര ചടങ്ങിൽ വെച്ചാണ് ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ദേവൻ പ്രഖ്യാപിച്ചത്. എന്നാൽ ടി.വി.കെയിൽ ചേരാനുള്ള മുൻകൂട്ടിയുള്ള പദ്ധതിയോടെയല്ല ബി.ജെ.പി വിട്ടതെന്ന് ദേവനും വ്യക്തമാക്കിയിട്ടുണ്ട്.





