കോഴിക്കോട്: കൊടുവള്ളിയിൽ വാച്ച് മോഷണം ആരോപിച്ചു പന്ത്രണ്ടുകാരനെ അതിക്രൂരമായി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി രാജ്യം വിട്ടു. പ്രധാന പ്രതിയായ കൊടുവള്ളി സ്വദേശി ഉവൈസ് കോഴിക്കോട് വിമാനത്താവളം വഴി തന്ത്രപൂർവം ദുബായിലേക്ക് കടക്കുകയായിരുന്നു. ഇയാൾക്കായി അന്വേഷണ സംഘം നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഒളിവിൽ കഴിയുന്ന കേസിലെ മറ്റ് പ്രതികളായ ഉവൈസിന്റെ മാതാപിതാക്കൾ റസാഖ്, സീനത്ത് എന്നിവരെ കണ്ടെത്താനുള്ള ഊർജ്ജിത നീക്കത്തിലാണ് പോലീസ്.
വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ പിതൃസഹോദരനും കുടുംബവും ചേർന്ന് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചത്. കൈകാലുകളിലെ നഖങ്ങൾക്കിടയിൽ ഈർക്കിലി തുളച്ചുകയറ്റിയും, മുറിവേറ്റ ശരീരഭാഗങ്ങളിൽ മുളക് വെള്ളം ഒഴിച്ചുമായിരുന്നു കൊടും ക്രൂരത. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ കുട്ടിയുടെ വായിൽ തുണി തിരുകുകയും ചെയ്തിരുന്നു. ഒടുവിൽ സംഭവം നടന്ന രാത്രിയിൽ പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട ബാലൻ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
കുട്ടി സ്റ്റേഷനിൽ എത്തിയ വിവരം പോലീസ് പിതാവിനെ അറിയിച്ചെങ്കിലും, സ്ഥലത്തെത്തിയത് മർദ്ദിച്ച പിതൃസഹോദരനും ഭാര്യയും മകനുമായിരുന്നു. കുട്ടിയെ ഇവർക്കൊപ്പം പോലീസ് വിട്ടയച്ചത് തുടക്കത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. സി.ഡബ്ല്യു.സിയുടെ ശക്തമായ ഇടപെടലിന് ശേഷമാണ് പോലീസ് ഒടുവിൽ കേസെടുക്കാൻ തയ്യാറായത്. ഇതിനിടെ, കുട്ടിക്ക് സൈക്കിളും പണവും വാഗ്ദാനം നൽകി വിഷയം ഒതുക്കിതീർക്കാനും പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടന്നിരുന്നു.





