കൊച്ചി: കപ്പൽ യാത്രയ്ക്കിടെ കടലിൽ കാണാതായ എറണാകുളം ചെറായി ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെക്കുറിച്ച് (24) ദിവസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിന്റെ കടുത്ത ആശങ്കയിലാണ് കുടുംബം. ജപ്പാൻ ആസ്ഥാനമായുള്ള എം.ഒ.എൽ (MOL) കമ്പനിയുടെ മുംബൈ ശാഖയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ആറ് മാസം മുൻപാണ് ഷിന്റോൺ ജോലിയിൽ പ്രവേശിച്ചത്. ഒമ്പത് ദിവസം മുൻപ് രാത്രി 8.30-നാണ് ഷിന്റോൺ അവസാനമായി സഹോദരൻ ഷാരോണുമായി ഫോണിൽ സംസാരിച്ചത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവാവിനെ കാണാതായെന്ന വിവരം മാത്രമാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് ടാറുമായി പോയ ചരക്കുകപ്പലിലാണ് ഷിന്റോൺ ജോലി ചെയ്തിരുന്നത്.
മാതാപിതാക്കളും സഹോദരനും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടിയും നൽകാൻ കമ്പനി തയ്യാറാകുന്നില്ല. ഷിന്റോൺ കടലിൽ വീണതാകാം എന്നാണ് കമ്പനിയുടെ വാദമെങ്കിലും, ജോലിയിൽ പരിചയസമ്പത്തുള്ള യുവാവിന് ഇത്തരത്തിലൊരു അബദ്ധം സംഭവിക്കാൻ സാധ്യത കുറവാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഹൈബി ഈഡൻ എം.പിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടെങ്കിലും അന്വേഷണം തുടരുന്നു എന്ന സ്ഥിരം മറുപടി മാത്രമാണ് കമ്പനി അധികൃതർ നൽകിയത്.
സംഭവദിവസം തന്നെ ഷിന്റോണിന്റെ മാതാവുമായും, ഷിന്റോണിന്റെ റിപ്പോർട്ടിങ് ഓഫീസറായ മലയാളിയുമായും സംസാരിച്ചിരുന്നുവെന്ന് ഹൈബി ഈഡൻ എം.പി വ്യക്തമാക്കി. വിവരമറിഞ്ഞയുടൻ വിദേശകാര്യ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, കേന്ദ്ര തുറമുഖ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ വിഷയം എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു. കപ്പൽ യാത്ര തുടരുന്നതിനാൽ വിവരങ്ങൾ കുടുംബത്തോട് മാത്രമാണ് കമ്പനി പങ്കുവെക്കുന്നത്. നിലവിൽ ജപ്പാനിലെ ഒരു ഫ്ലോട്ടിങ് ദ്വീപിലാണ് കപ്പലുള്ളതെന്നാണ് വിവരം. കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ കേന്ദ്ര ഷിപ്പിങ് മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വഴി ഉന്നതതല ഇടപെടൽ നടത്തിയിട്ടുണ്ടെന്നും, ജപ്പാനിലെ ടോക്കിയോയിലുള്ള ഇന്ത്യൻ എംബസിയിലെ കോൺസുലാർ അറ്റാഷെയുമായി തന്റെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.





