തിരുവനന്തപുരം: എൽ.എൽ.ബി പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കെതിരെ വ്യത്യസ്തമായ സമരമുറയുമായി എസ്.എഫ്.ഐ രംഗത്ത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ടായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്ത് സംഘടനയുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
'സംഘിക്ക് പൊട്ടുതൊടൽ' എന്ന പേരിൽ നടത്തിയ സമരത്തിൽ നിരവധി പേർ പങ്കെടുത്തു. സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളും വി.സിയുടെ നിലപാടുകൾക്ക് എതിരാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളാണ് വി.സി കൈക്കൊള്ളുന്നത്. റീവാലുവേഷൻ സംവിധാനം നിലനിർത്തണമെന്നും പരീക്ഷാ ഫീസ് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസിന് വേണ്ടി അടിമപ്പണി ചെയ്യുന്ന സംഘിയായി മോഹനൻ കുന്നുമ്മൽ മാറിയെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.
സംസ്കൃത സർവകലാശാല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എം.എൽ.എയാണ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന് ഓർമ്മിപ്പിച്ച സഞ്ജീവ്, വെറും പാന്റും ഷർട്ടും ധരിച്ചതുകൊണ്ടുമാത്രം പുതിയ തലമുറയെ (ജെൻ-സി) ആകർഷിക്കാനാകില്ലെന്നും പരിഹസിച്ചു. വിദ്യാർത്ഥികൾ 24 ദിവസം നടത്തിയ സമരത്തെ അപരിഷ്കൃതമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഗവർണറും വി.സിമാരും ആർ.എസ്.എസിന്റെ പിടിയിലാണെന്ന കാര്യം കോൺഗ്രസിന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ആഭ്യന്തര, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരും ഗവർണറും വി.സിയും ഒത്തുചേർന്ന് വിദ്യാർത്ഥികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുത്ത പരിപാടിയുടെ പേരിൽ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയ നടപടിയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് അല്പമെങ്കിലും നാണമുണ്ടെങ്കിൽ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജി വെക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. മന്ത്രി ആർ.എസ്.എസിനായി ദാസ്യപ്പണി ചെയ്യുകയാണെന്നും, പ്രൊ ചാൻസലർ എന്ന നിലയിലുള്ള അധികാരം പ്രയോഗിച്ച് ചാൻസലറായ ഗവർണറോട് സംസാരിക്കാനും വി.സിയോട് മാപ്പ് പറയിപ്പിക്കാനും മന്ത്രി ഇടപെടണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.





