ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപി മേഖലാ പ്രഭാരിമാരിൽ മാറ്റം വരുത്തി. മുൻഗണനാ പട്ടികയിലുള്ള സ്റ്റാർ ക്ലാസ് ലോക്‌സഭാ മണ്ഡലങ്ങളുടെ മേൽനോട്ട ചുമതല രാജീവ് ചന്ദ്രശേഖറിന്റെ ടീമിനാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ. സോമനും പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഉത്തരവാദിത്തം അനൂപ് ആന്റണിക്കും കൈമാറി. കോട്ടയം, ഇടുക്കി ജില്ലകളുടെ മേൽനോട്ടം ഷോൺ ജോർജിനും തൃശൂർ, പാലക്കാട് ജില്ലകളുടെ ചുമതല കെ.കെ. അനീഷിനും നൽകിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വി. ഉണ്ണികൃഷ്ണനെയും കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ വി.കെ. സജീവനെയും പ്രഭാരിമാരായി നിയോഗിച്ചു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളുടെ ചുമതലകൾ ദേശീയ നേതാക്കൾക്ക് വിഭജിച്ചു നൽകി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ സർക്കുലർ പുറത്തിറക്കി. രാജ്യസഭാ എംപി വിനോദ് താവ്‌ഡേയ്ക്ക് ഉത്തർപ്രദേശിന്റെയും, രാജ്യസഭാ എംപിയും പുതുതായി നിയമിതനായ ദേശീയ സെക്രട്ടറിയുമായ സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും ചുമതല നൽകി. ഗുജറാത്തിന്റെ പ്രഭാരിയായി രാജ്യസഭാ എംപി തരുൺ ചുഗിനെയാണ് ചുമതലപ്പെടുത്തിയത്.
ഈ പുനഃസംഘടനകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മറ്റു സംസ്ഥാനങ്ങളിലെ ചുമതലകൾ യഥാസമയം പ്രഖ്യാപിക്കുമെന്നും അതുവരെ നിലവിലെ സംവിധാനം തുടരുമെന്നും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുൻനിർത്തിയാണ് ഈ നടപടികളെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.





