തിരുവനന്തപുരം: പൊതുപരിപാടിയിൽ പങ്കെടുക്കാൻ വൈകിയെത്തിയ സംഭവത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉന്നയിച്ച വിമർശനത്തിൽ വിശദീകരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. സംഭവത്തിൽ അടൂരിനോട് താൻ ആത്മാർത്ഥമായി ക്ഷമാപണം നടത്തിയെന്നും, ഗുരുതുല്യനായ അദ്ദേഹത്തിന്റെ പ്രതികരണം മനഃപൂർവ്വമുള്ളതായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ച കാരണമാണ് തനിക്ക് കൃത്യസമയത്ത് വിവരം ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ അടൂർ സാർ തനിക്കായി കാത്തിരിക്കുകയായിരുന്നു എന്ന കാര്യം ആരും അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നമ്മെ കൂടുതൽ നന്നാക്കാൻ വേണ്ടിയുള്ളതാണ് അദ്ദേഹത്തിന്റെ വിമർശനങ്ങളെന്നും, ഇക്കാര്യത്തിൽ താൻ കുറച്ചുകൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. അതുകൊണ്ടുതന്നെ ആത്മാർത്ഥമായി മാപ്പപേക്ഷിച്ചുവെന്നും പൊതുപ്രവർത്തന രംഗത്താകുമ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങളും സാധാരണയാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഫിലിം സൊസൈറ്റി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി എത്താൻ രണ്ട് മണിക്കൂറിലധികം വൈകിയതിലായിരുന്നു അടൂർ ഗോപാലകൃഷ്ണൻ അതൃപ്തി രേഖപ്പെടുത്തിയത്. അത്രയും സമയം സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്ന അദ്ദേഹം, പിന്നീട് പ്രസംഗത്തിനിടെ മന്ത്രിയെ വേദിയിലിരുത്തിത്തന്നെ നീരസം പരസ്യമാക്കുകയായിരുന്നു. മുൻപ് മറ്റൊരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചതിനെത്തുടർന്ന് മന്ത്രിമാരുടെ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്ന കാര്യവും അടൂർ വേദിയിൽ ഓർമ്മിപ്പിച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പരിപാടി വിട്ടുപോകാൻ ആലോചിച്ചതാണെങ്കിലും കൂടുതൽ അനിഷ്ടങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് കാത്തിരുന്നതെന്നും അടൂർ വ്യക്തമാക്കിയിരുന്നു.





