ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തെത്തി. വിഷയത്തിൽ അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കിയിട്ടുണ്ടെന്നും വള്ളംകളിയിൽ താൻ പങ്കെടുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കുറ്റമറ്റ രീതിയിൽ വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്ററിൽ നിന്ന് തന്റെ ചിത്രം വിട്ടുപോയത് ഒരുപക്ഷേ നോട്ടപ്പിശകോ ജാഗ്രതക്കുറവോ കാരണമായിരിക്കാം. സംഭവം വാർത്തയായതോടെ അധികൃതർ തിരുത്തൽ വരുത്തുകയും ചിത്രം ഉൾപ്പെടുത്തി മറ്റൊരു പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇതൊരു വിവാദമാക്കേണ്ടതില്ല. പോസ്റ്ററിൽ ചിത്രമില്ലാത്തതിനാൽ താൻ പരിപാടിയുമായി സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും യാതൊരുവിധ പ്രതിഷേധവും താൻ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചിത്രമോ പേരോ ഉൾപ്പെടുത്താതിരുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് എം.പിയുടെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയത്. കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് പുറത്തിറക്കിയ പോസ്റ്ററുകളിൽ പോലും എം.പിയുടെ പേരും ചിത്രവും കൃത്യമായി ഉൾപ്പെടുത്തിയിരുന്നു.





