തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടും കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ സ്ഥാനത്തുനിന്ന് നീക്കാത്തതിനെതിരെ കെ.എസ്.യു സെനറ്റ് അംഗം എച്ച്.എസ്. ആദർശ് രംഗത്ത്. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കണമെന്നും നിലവിലെ പരീക്ഷാ കൺട്രോളറെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾക്കും അദ്ദേഹം പരാതി നൽകി.
പരീക്ഷകളിലും മൂല്യനിർണ്ണയത്തിലും ഉണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സർവകലാശാലയ്ക്ക് മുന്നിൽ ദിവസങ്ങളായി നിയമവിദ്യാർത്ഥികൾ സമരം നടത്തിവരികയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പുനർമൂല്യനിർണ്ണയ ഫലങ്ങൾ വൈകിപ്പിച്ച്, സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള ഫീസ് അടപ്പിച്ച ശേഷമാണ് സർവകലാശാല ഫലം പ്രഖ്യാപിക്കുന്നതെന്നും ഇതിലൂടെ വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നുവെന്ന ആരോപണം ശക്തമാണെന്നും ആദർശ് ചൂണ്ടിക്കാട്ടി. എന്നാൽ, പരീക്ഷകളുടെ പൂർണ്ണ ചുമതലയുള്ള കൺട്രോളർക്കെതിരെ യാതൊരു ചോദ്യങ്ങളും ഉയരുന്നില്ലെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും കത്തിൽ പറയുന്നു.
സർവകലാശാലയ്ക്കു കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തിപ്പിലെ സോഫ്റ്റ്‌വെയർ തകരാറുകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം കണ്ടെത്തുന്നത് നീണ്ടുപോകുകയാണെന്നും പരാതിയിലുണ്ട്. കൂടാതെ, രണ്ടാം സെമസ്റ്റർ ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും ചേർത്ത് അച്ചടിച്ച് നൽകിയ സംഭവം പരീക്ഷാ കൺട്രോളറുടെ വ്യക്തമായ വീഴ്ചയായിട്ടും നടപടിയുണ്ടാകാത്തതിൽ ദുരൂഹതയുണ്ടെന്നും ആദർശ് ആരോപിച്ചു.





