തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) 7.32 കോടി രൂപ ചെലവഴിച്ച് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ അഴിമതി അന്വേഷിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശിയതിൽ ആരോഗ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ടെൻഡർ നടപടികളിൽ ക്രമക്കേടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് മന്ത്രി തിരിച്ചയക്കുമെന്നാണ് വിവരം. റിപ്പോർട്ട് തള്ളിയ മന്ത്രി വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധി തീരുന്ന ഘട്ടത്തിലാണ് കെ.എം.എസ്.സി.എൽ മുഖേന 7.32 കോടി രൂപയ്ക്ക് ബ്ലീച്ചിങ് പൗഡർ സംഭരിച്ചത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ പ്രാഥമിക പരിശോധനയിൽ ഈ ഇടപാടിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് ഉത്തരവിടുകയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ മുൻ സർക്കാരിന്റെ കാലത്തുണ്ടായ ക്രമക്കേടിൽ നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയതാണ് മന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലീച്ചിങ് പൗഡർ സംഭരിച്ചപ്പോൾ ടെൻഡർ ചട്ടങ്ങൾ പാലിച്ചില്ലെന്നതാണ് പ്രധാന ആക്ഷേപം. അന്ന് ടെൻഡറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. ഇത്തരം സന്ദർഭങ്ങളിൽ വീണ്ടും ടെൻഡർ ക്ഷണിക്കണമെന്ന ചട്ടം നിലനിൽക്കെ അത് പാലിക്കാതെയാണ് വാങ്ങൽ നടപടികൾ പൂർത്തിയാക്കിയതെന്നായിരുന്നു ഉയർന്ന പരാതി.





