കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതോ മുഖ്യമന്ത്രിക്കെതിരായതോ ആയ വാർത്തകൾ ഒഴിവാക്കിയത് സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടല്ലെന്ന മെറ്റയുടെ വെളിപ്പെടുത്തലിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
അടിയന്തരാവസ്ഥാ കാലത്തെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള കടുത്ത സെൻസർഷിപ്പാണ് ഇവിടെ നടപ്പിലാക്കിയത്. കൃത്യമായി കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് വാർത്തകൾ നീക്കം ചെയ്തതെന്നും സംഭവത്തിൽ സർക്കാർ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധമായ സമീപനമാണ് സർക്കാരിന്റേതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്നും ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേരളത്തിലെ സാംസ്കാരിക നായകരും ബുദ്ധിജീവികളും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





