മലപ്പുറം: ആർ.എസ്.എസ് പോഷക സംഘടനയായ സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ.സി. അബ്ദുറഹിമാനോട് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടു. സേവാഭാരതിയുടെ ചടങ്ങിൽ പങ്കെടുത്ത നടപടി പാർട്ടിക്ക് കടുത്ത അവമതിപ്പ് ഉണ്ടാക്കിയെന്നും അണികളിൽ വലിയ അതൃപ്തി സൃഷ്ടിച്ചെന്നും നേതൃത്വം വ്യക്തമാക്കി. വിഷയത്തിൽ വ്യക്തത വരുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 15-ന് സേവാഭാരതി ചെറുകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ശുചീകരണ പ്രവർത്തനമാണ് മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി കൂടിയായ പി.കെ.സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്. ഇദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയായിരുന്നു.





