കോഴിക്കോട്: വിവാദമായ സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ കരുവൻതുരുത്തിലെ വസതിയിലും അശോകപുരത്തുള്ള ഫ്ലാറ്റിലുമടക്കമാണ് ഒരേസമയം ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. വീണ ടി.യുടെ വീട്ടിൽ നിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറിയിൽ ഉൾപ്പെട്ടിരുന്ന പേരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധനകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
വീണ പങ്കാളിയായ 'ലേക്കർ ഇന്ത്യ കോർപ്പറേഷൻ' എന്ന സ്ഥാപനത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടും അന്വേഷണ സംഘം പരിശോധനകൾ നടത്തുന്നുണ്ട്. കേസിന്റെ ഭാഗമായി ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16.5 ലക്ഷം രൂപ മുൻപ് ഇ.ഡി മരവിപ്പിച്ചിരുന്നു.





