കൊച്ചി: നിയമസഭാ സംഘർഷത്തിനിടെ വനിതാ എം.എൽ.എമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ യു.ഡി.എഫ് ജനപ്രതിനിധികൾക്കെതിരെയുള്ള അവസാന കേസും ഹൈക്കോടതി റദ്ദാക്കി. മുൻ എം.എൽ.എ എ.ടി. ജോർജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്. സ്ത്രീകൾക്കെതിരായ അതിക്രമക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് എൽ.ഡി.എഫ് മുൻ എം.എൽ.എ കെ.കെ. ലതിക നൽകിയ പരാതിയിലെ കേസും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ എൽ.ഡി.എഫ് വനിതാ എം.എൽ.എമാർ നൽകിയ എല്ലാ കേസുകളിലെയും നടപടികൾ പൂർണ്ണമായി അവസാനിച്ചു.
നേരത്തെ ഇതേ കേസിൽ ഉൾപ്പെട്ടിരുന്ന മുൻ എം.എൽ.എമാരായ ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കൂട്ടത്തിൽ എ.ടി. ജോർജിന്റെ കേസ് റദ്ദാക്കുന്നതാണ് വൈകിയത്. പുതിയ ഉത്തരവോടെ കേസിൽ ഉൾപ്പെട്ട നാല് യു.ഡി.എഫ് മുൻ എം.എൽ.എമാരും പൂർണ്ണമായി കുറ്റവിമുക്തരായി.
അതേസമയം, നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ നാല് ഇടത് എം.എൽ.എമാർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യു.ഡി.എഫ് എം.എൽ.എമാർക്കെതിരായ കേസിനൊപ്പം ഈ കേസും ഒന്നിച്ച് പരിഗണിക്കണമെന്ന ഇടത് നേതാക്കളുടെ ആവശ്യം തള്ളിയ കോടതി, എൽ.ഡി.എഫ് എം.എൽ.എമാരുടെ ഹർജി അപ്രസക്തമാണെന്നും നിരീക്ഷിച്ചു.





