മലപ്പുറം: മൂന്നിയൂരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെ സമീപിച്ച അതിജീവിതയുടെ കുടുംബത്തിന് നേരെ പ്രതിയുടെ വധഭീഷണി. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിരൂർ സ്വദേശി അബ്ദുൾ അസീമിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു എന്നാണ് പരാതി. താൻ പുറത്തിറങ്ങിയാൽ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത് വ്യക്തമാക്കി.
കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു പ്രതിയുടെ ഭീഷണി സന്ദേശം. ഇരുട്ടിന്റെ മറവിൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാൽ കാലുപിടിച്ചു കരഞ്ഞാലും വെറുതെ വിടില്ലെന്നും, എന്തിനും മടിയില്ലാത്തവനാണ് താനെന്നും പ്രതി ഭീഷണിപ്പെടുത്തി. ഈ പീഡനം വലിയൊരു റാക്കറ്റിന്റെ ഭാഗമാണെന്നും, കാപ്പ ചുമത്തപ്പെട്ട തനിക്ക് ഇതൊരു വലിയ കാര്യമല്ലെന്നും, ഇന്നുകൊണ്ട് ലോകം അവസാനിക്കില്ലെന്ന് ഓർക്കണമെന്നുമായിരുന്നു ഇയാളുടെ കൊലവിളി. ഈ ഭീഷണിക്ക് പിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
അതേസമയം, തുടക്കത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് അതിജീവിതയുടെ പിതാവ് കുറ്റപ്പെടുത്തി. തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിയുടെ കൈവശമുള്ള മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്നും തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാൻ നടപടി വേണമെന്നും കുടുംബ സുഹൃത്ത് ആവശ്യപ്പെട്ടു.





