കണ്ണൂർ: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിലപാട് ആവർത്തിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പി.എം ശ്രീ പദ്ധതി അറബിക്കടലിലല്ല, മറിച്ച് അഴുക്കുചാലിലാണ് വലിച്ചെറിയേണ്ടതെന്ന അഭിപ്രായത്തിൽ തനിക്ക് യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച 'ഫ്രീഡം ടോക്ക്' പരിപാടിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ.
വിഷയം കൈകാര്യം ചെയ്യുന്നത് സ്വന്തം വകുപ്പായിരുന്നെങ്കിൽ പദ്ധതി നടപ്പാക്കുന്നത് തടയുമായിരുന്നുവെന്നും, എന്നാൽ ഒരു ഭരണപരമായ ഉത്തരവാദിത്തത്തിൽ ഇരിക്കുമ്പോൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'പി.എം ശ്രീയുമായി ബന്ധപ്പെട്ട് വലിയ ചർച്ചയായ കാര്യമാണ് അത് അറബിക്കടലിലേക്ക് എറിയണം എന്ന് പറഞ്ഞത്. ഇത് എന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമല്ലെങ്കിലും ഞാൻ വ്യക്തമാക്കിയത് എന്റെ രാഷ്ട്രീയ നിലപാടാണ്. ഒരു മന്ത്രിയായിക്കഴിഞ്ഞാൽ സ്വന്തം വകുപ്പിലെ കാര്യങ്ങൾ മാത്രമേ സംസാരിക്കാവൂ എന്നില്ലല്ലോ? അധികാരം ലഭിച്ചതുകൊണ്ട് വ്യക്തമാക്കുകയാണ്, അത് അറബിക്കടലിലല്ല അതിനപ്പുറമുള്ള ഏതെങ്കിലും അഴുക്കുചാലിലാണ് വലിച്ചെറിയേണ്ടത്. ആ കാര്യത്തിൽ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല, ഈ നിലപാട് മാറ്റാൻ പോകുന്നതുമില്ല. എന്നാൽ ഒരു ഭരണച്ചുമതലയിൽ ഇരിക്കുമ്പോൾ നമുക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല' - കെ.എം. ഷാജി കൂട്ടിച്ചേർത്തു.





