കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ലഭ്യമായ എല്ലാ സർക്കാർ സംവിധാനങ്ങളും കൃത്യമായി വിനിയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അപകടം നടന്ന് 'ഗോൾഡൻ അവർ' പിന്നിട്ടുകഴിഞ്ഞാൽ കടലിൽ കുടുങ്ങിയവരെ കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമായി മാറും. കടലിൽ കാണാതായി നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും കണ്ടെത്താനാകാത്ത ആളുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനങ്ങളിൽ എന്തെങ്കിലും അപര്യാപ്തതകൾ നേരിട്ട ഘട്ടങ്ങളിലെല്ലാം കൃത്യമായി ഇടപെടാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ത്യൻ നേവിക്കും കോസ്റ്റ് ഗാർഡിനുമൊപ്പം പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും സംയുക്ത തിരച്ചിലിന്റെ ഭാഗമാണ്. മുതലപ്പൊഴി കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്കായി നാവികസേനയുടെ 'ഐ.എൻ.എസ് കൽപ്പേനി' കപ്പലും എത്തിയിരുന്നു. യാതൊരു കാരണവശാലും തിരച്ചിൽ അവസാനിപ്പിക്കില്ലെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ജൂലൈ 31-ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കൂറ്റൻ തിരമാലകളിലും പെട്ട് വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതായത്. കോസ്റ്റ് ഗാർഡിന്റെ രണ്ട് ഡോണിയർ ചെറുവിമാനങ്ങളും ചേതക് ഹെലികോപ്റ്ററും ഉപയോഗിച്ച് കടലിൽ ആകാശനിരീക്ഷണവും നടത്തിയിരുന്നു.





