Malayali Media
Kerala

മാധ്യമങ്ങൾ പരാതിപ്പെട്ടാൽ ഒപ്പം നിൽക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്, സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥ: വീണാ ജോർജ്

14 Aug 20261 views 3 min read
മാധ്യമങ്ങൾ പരാതിപ്പെട്ടാൽ ഒപ്പം നിൽക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്, സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥ: വീണാ ജോർജ്
Advertisement

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ വാർത്താ കാർഡുകൾ മെറ്റ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി വീണാ ജോർജ്. വാർത്തകളെ അടിച്ചമർത്താൻ നോക്കിയാൽ പതിനായിരങ്ങൾ അതിനായി ശബ്ദമുയർത്തുമെന്നും, നിരന്തരം അസത്യങ്ങൾ പറയുന്ന വ്യക്തിയാണ് വി.ഡി. സതീശനെന്നും അവർ  പ്രതികരിച്ചു.

സാധാരണ വിഷയങ്ങളിൽ പറയുന്ന കളവുകൾ പോലെയല്ല ഇപ്പോഴത്തെ സാഹചര്യമെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. നാടിനെ ബാധിക്കുന്ന ലഹരി മാഫിയയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ കാര്യമാണിത്. ലഹരിക്കേസിലെ പ്രതിയുമായുള്ള അടുപ്പം മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നവകേരള സദസ്സിന് മുൻപ് തന്നെ ഇയാൾക്ക് മുഖ്യമന്ത്രിയുമായി സമ്പർക്കമുണ്ടായിരുന്നു എന്നതിന് ചിത്രങ്ങളും വീഡിയോകളും തെളിവുകളായുണ്ട്. പ്രതി തന്നെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. ഒരു ലഹരിക്കേസ് പ്രതിക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇത്രയധികം സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണകൂടം വലിയ തോതിൽ സംശയത്തിന്റെ നിഴലിലാണ്. ആരുടെ ആവശ്യപ്രകാരമാണ് വാർത്തകൾ ഒഴിവാക്കിയതെന്ന് മെറ്റ വ്യക്തമാക്കണം. അവരുടെ വിശദീകരണം പൊതുസമക്ഷം പ്രസിദ്ധീകരിക്കാൻ തയ്യാറാകണം. സർക്കാർ സംശയമുനയിൽ നിൽക്കുമ്പോൾ ഭരണകൂടം തന്നെയാണ് ഇതിൽ വ്യക്തത വരുത്തേണ്ടത്. ഒരിടത്ത് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചാൽ പതിനായിരക്കണക്കിന് ആളുകൾ ആ വാർത്തയ്ക്കായി രംഗത്തെത്തും. മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ (ചാർട്ടേഡ് ഫ്ലൈറ്റ്) എങ്ങോട്ടാണ് യാത്ര ചെയ്തതെന്നും, തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് ഹെലികോപ്റ്ററിൽ പോയി കൂടിക്കാഴ്ച നടത്തിയ ആ നിക്ഷേപകൻ ആരാണെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. പൗരന്മാർക്കും മാധ്യമങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഒരുപോലെയാണെന്ന് അവർ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളും ലഹരിക്കേസ് പ്രതിയുമായി ബന്ധപ്പെട്ടതുമായ ഫേസ്ബുക്ക് കാർഡുകൾ മാത്രം എന്തിനാണ് മെറ്റ നീക്കം ചെയ്തത്? ഇത് അക്ഷരാർത്ഥത്തിൽ ഒരു മാധ്യമ അടിയന്തരാവസ്ഥയാണ്. വാർത്തകൾ നീക്കം ചെയ്തതിൽ മാധ്യമങ്ങൾ പരാതി നൽകിയാൽ പിന്തുണയ്ക്കാം, കത്തയക്കാം എന്ന നിലപാടല്ല മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്താൽ പതിനായിരക്കണക്കിന് ആളുകൾ അത് റീപോസ്റ്റ് ചെയ്യും. ഒരിടത്ത് വാർത്ത നിശബ്ദമാക്കാൻ നോക്കിയാൽ പതിനായിരം പേർ അതിനായി സംസാരിക്കും. മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിലാണ്. ആരുടെ നിർദ്ദേശപ്രകാരമാണ് വാർത്തകൾ നീക്കിയതെന്ന് സർക്കാർ മെറ്റയോട് ഔദ്യോഗികമായി ആരാഞ്ഞ് അവരുടെ മറുപടി പരസ്യപ്പെടുത്തണം. സ്വന്തം അറിവോടെയല്ല ഇത് സംഭവിച്ചതെങ്കിൽ സർക്കാർ അക്കാര്യം മെറ്റയോട് ചോദിക്കാൻ തയ്യാറാകണം. തനിക്ക് സ്വന്തമായി സോഷ്യൽ മീഡിയ വിങ് ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും വീണാ ജോർജ് പരിഹസിച്ചു.

Tags:#VEENA GEORGE#VD SATHEESHAN
Advertisement

Related News

Comments

Add a Comment

Our Channels

മാധ്യമങ്ങൾ പരാതിപ്പെട്ടാൽ ഒപ്പം നിൽക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്, സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ അടിയന്തരാവസ്ഥ: വീണാ ജോർജ് | Malayali Media