പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കെ.ബി. ഗണേഷ് കുമാർ മാപ്പുപറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിലാണ് ഗണേഷ് കുമാർ പങ്കെടുത്തതെന്നും, സ്വന്തം പ്രവർത്തികളുടെ അനന്തരഫലമായാണ് അദ്ദേഹം പൊതുരംഗത്തുനിന്നും തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെയും കരുത്താണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെന്നും, സമനില തെറ്റിയതുപോലെ വിറളിപൂണ്ടാണ് ഗണേഷ് കുമാർ ഇത്തരം മോശം പ്രസ്താവനകൾ നടത്തുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സ്വന്തം പിതാവിനോട് ഇയാൾ ഏതുവിധത്തിലാണ് പെരുമാറിയതെന്ന കാര്യം പൊതുസമൂഹത്തിന് കൃത്യമായി അറിയാം. ഇത്തരത്തിലുള്ള നിന്ദ്യമായ പെരുമാറ്റം ഇനിയും തുടരുകയാണെങ്കിൽ പൊതുനിരത്തിലിറങ്ങി ശക്തമായി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ വ്യക്തമാക്കി.





