തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം പേരൂർക്കടയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിക്കെതിരായ 'തൂഫാൻ' ആഞ്ഞടിച്ചതുപോലെ വലിയൊരു മാറ്റമാണ് മൈ പോലീസ് സ്റ്റേഷൻ പദ്ധതിയിലൂടെ നടപ്പാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെറും മൂന്ന് മാസത്തിനുള്ളിലാണ് ആഭ്യന്തര വകുപ്പ് ചരിത്രപരമായ ലഹരിവേട്ട നടത്തിയത്. ഈ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുമായി എത്തുന്ന സാധാരണക്കാർക്ക് അവിടെ നിന്ന് നീതി ലഭിക്കുമെന്ന പൂർണ്ണ ബോധ്യമുണ്ടാകണം. കുറ്റകൃത്യങ്ങളുടെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നും, നടക്കുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ പദ്ധതിയാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പോലീസ് സേനയിലും മാറ്റങ്ങൾ അനിവാര്യമാണ്. ഒരുകാലത്ത് ഭരണകൂടത്തിന്റെ മർദ്ദനോപകരണമായിരുന്ന പോലീസിനെ ജനസൗഹൃദ സേനയാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകൾ ഒരേ നിറത്തിലേക്ക് മാറിയെന്നും, എന്നാൽ ഈ നവീകരണം വെറുമൊരു പെയിന്റടിയിൽ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് ഹൊറർ സിനിമകളിലെ പേടിപ്പെടുത്തുന്ന കെട്ടിടങ്ങൾ പോലെയായിരുന്നു പോലീസ് സ്റ്റേഷനുകൾ കാണപ്പെട്ടിരുന്നത്. സ്റ്റേഷനുകൾക്ക് മുന്നിൽ പഴയ വാഹനങ്ങൾ കുന്നുകൂടി ആക്രിക്കടയ്ക്ക് സമാനമായി കിടക്കുന്ന കാഴ്ചകൾക്ക് ഇനി മാറ്റമുണ്ടാകും. കുറ്റവാളികൾ മാത്രമല്ല പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാത്രമാണ് പോലീസിനെ ഭയക്കേണ്ടതെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.





