തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ നടന്ന പരിപാടിയിൽ എല്ലാവിധ ഔദ്യോഗിക നടപടിക്രമങ്ങളും കാറ്റിൽപ്പറത്തിയെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. ഉദ്യോഗസ്ഥരുടെ മേൽ വലിയ സമ്മർദ്ദം ഉണ്ടായിരുന്നിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി. മുൻപ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് മുൻപരിചയമുള്ള സ്ഥാപനങ്ങൾക്കാണോ ഇതിന്റെ ചുമതല നൽകിയതെന്ന് പരിശോധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകളിലെ പ്രധാന അവ്യക്തതയും ഇത് തന്നെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആർ.ബി.സിയെ സ്പോൺസറാക്കിയതിൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല എന്നതുമുതലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇവന്റിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും യാതൊരു വ്യക്തതയുമില്ലെന്നും, കരാറിൽ ഇത്തരം വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരിശോധനാഘട്ടത്തിലുള്ള ഫയലുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത് ഉചിതമല്ല. ആദ്യ കത്തിടപാട് മുതൽ ഒടുവിലെ ഘട്ടം വരെയുള്ള ഒരൊറ്റ നടപടിക്രമവും കൃത്യമായി പാലിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മുൻ സർക്കാരിനെ സംബന്ധിച്ച് വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിലുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നതകളാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചതെന്ന വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, തന്റെ പേഴ്സണൽ സ്റ്റാഫ് അംഗം സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ജീവനക്കാരനെ പൂർണ്ണമായും തള്ളിയ അദ്ദേഹം, ആര് നിയമലംഘനം നടത്തിയാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്നും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് നിയമപരമായ എന്ത് നടപടിയാണോ അതാണ് കൈക്കൊള്ളേണ്ടതെന്നും വ്യക്തമാക്കി.




