കോഴിക്കോട്: സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പ്രയോഗങ്ങൾ നടത്തിയെന്നാരോപിച്ച് എക്സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) പരാതി നൽകി. ഇസ്ലാമിക പ്രഭാഷകനായ അബ്ദുള്ള ബാസിലാണ് ഡി.ജി.പിയെ സമീപിച്ച് നിയമനടപടി ആവശ്യപ്പെട്ടത്.
ലൈംഗികച്ചുവയുള്ള വാക്കുകൾ ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെതിരെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. അബ്ദുള്ള ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ലക്ഷ്യമിട്ട് അധിക്ഷേപം നടത്തിയെന്നും, ഇവർക്കൊപ്പം മറ്റ് മുസ്ലിം സ്ത്രീകൾക്കെതിരെയും ആരിഫ് ഹുസൈൻ മോശം പരാമർശങ്ങൾ ഉന്നയിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ നൽകിയ പരാതി വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡി.ജി.പിയിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് അബ്ദുള്ള ബാസിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത്തരം ലൈംഗിക അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





