കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ പിടിയിലായ കേസിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. കൈക്കൂലി ഇടപാടുകൾക്കായി ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ മാഫിയാ സംഘം ഇതിനു മുൻപും നിരവധി ആളുകളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത. റവന്യൂ വകുപ്പിലെ പല വ്യക്തികളുടെയും രഹസ്യ വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി ഇടനിലക്കാർക്ക് ചോർത്തി നൽകിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണിയുടെ സ്വത്തുക്കളെക്കുറിച്ച് വിശദമായ പരിശോധന നടത്തും. പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ജോസഫ് ആന്റണിയും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായത്. കൈക്കൂലിയായി ലഭിക്കുന്ന തുക ഇടനിലക്കാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമായി വീതിച്ചു നൽകുന്നതായിരുന്നു ഇവരുടെ രീതി.
2018 മുതൽ കൊച്ചി സ്വദേശിയായ ഒരു ഭൂവുടമ തന്റെ പുരയിടത്തിന്റെ നികുതി കൃത്യമായി അടച്ചു വരികയായിരുന്നു. ഇതിനിടെ, ഈ പുരയിടം നിലമാണെന്ന് കാണിച്ച് ജോസഫ് ആന്റണി ഏജന്റുമാർ വഴി പരാതി നൽകിപ്പിച്ചു. തുടർന്ന് ഈ വിഷയം ഒതുക്കിത്തീർക്കാനായി ഭൂവുടമയെ താലൂക്ക് ഓഫീസിലേക്ക് വിളിച്ചുവരുത്തി പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈപ്പറ്റുന്നതിനിടയിലാണ് കഴിഞ്ഞദിവസം രാത്രി കടവന്ത്രയിൽ വെച്ച് ജോസഫ് ആന്റണിയും ഏജന്റുമാരും വിജിലൻസ് വലയിലായത്.





