ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി രംഗത്തെത്തി. ആരാണ് വഞ്ചകനെന്ന് കാണിക്കാൻ ചർച്ചകളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചർച്ചയ്ക്ക് തയ്യാറായി വന്നാൽ രാഹുൽ ഓടിപ്പോകരുതെന്നും പരിഹസിച്ചു.
പ്രധാനമന്ത്രിയെ തുടർച്ചയായി പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി വിമർശനം ശക്തമാക്കുന്നതിനിടെയാണ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം; സമൂഹമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളികൾ രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാന പ്രശ്നങ്ങളിലും കേന്ദ്ര സർക്കാരിനെതിരായ ആരോപണങ്ങളിലും നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, ദീർഘമായ പ്രസംഗങ്ങൾക്ക് പകരം ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് നേർക്കുനേർ ('വൺ-ഓൺ-വൺ') സംവാദമാണ് വേണ്ടതെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു; സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.





