ന്യൂഡൽഹി: പരമ്പരാഗത വിളകളിൽ മാത്രം ഉറച്ചുനിൽക്കാതെ പുതിയ വിളകൾ കൂടി കൃഷി ചെയ്ത് കാർഷിക മേഖലയിൽ വൈവിധ്യവത്കരണം കൊണ്ടുവരാൻ കർഷകർ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച 'കിസാൻ തക് ഭാരത് അഗ്രികൾച്ചറൽ കോൺഫറൻസ് 2026'-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയും ഗോതമ്പും കരിമ്പും മാത്രം കൃഷി ചെയ്താൽ പോരെന്നും, മാറിക്കൊണ്ടിരിക്കുന്ന വിപണി, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, ഉപഭോക്താക്കളുടെ മുൻഗണന എന്നിവയ്ക്കനുസരിച്ച് കാർഷിക രീതികൾ മാറ്റുന്നത് മികച്ച വരുമാനവും പുതിയ അവസരങ്ങളും നൽകുമെന്നും മോദി വ്യക്തമാക്കി.
മുൻ സർക്കാരുകൾ ഭക്ഷ്യധാന്യ സംഭരണശാലകൾ നിറയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും കർഷകരുടെ അഭിവൃദ്ധിക്കായി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കർഷകരെ ശാക്തീകരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചതിലൂടെ, നിലവിൽ പ്രതിവർഷം നാല് ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള കാർഷിക ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള കാർഷിക ഉത്പാദനത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാൽ, പയറുവർഗങ്ങൾ, ചണം, അരി, ചെറുധാന്യങ്ങൾ (മില്ലറ്റുകൾ) എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമതാണെന്നും, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിത, ധവള, നീല, മധുര വിപ്ലവങ്ങൾ രാജ്യത്തിന്റെ കാർഷിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചതായി മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പാൽ ഉത്പാദനം 70 ശതമാനത്തോളവും മുട്ട ഉത്പാദനം 90 ശതമാനത്തോളവും വർധിച്ചപ്പോൾ, നീല വിപ്ലവത്തിലൂടെ മത്സ്യ ഉത്പാദനം ഇരട്ടിയിലധികമായി. മധുര വിപ്ലവത്തിലൂടെ തേൻ ഉത്പാദനം 80,000 ടണ്ണിൽ നിന്ന് 1.5 ലക്ഷം ടണ്ണായും, ഹോർട്ടികൾച്ചർ ഉത്പാദനം 280 ദശലക്ഷം ടണ്ണിൽ നിന്ന് 350 ദശലക്ഷം ടണ്ണിലധികമായും ഉയർന്നത് കർഷകർക്ക് ഒന്നിലധികം വരുമാന മാർഗങ്ങൾ തുറന്നുനൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.





