ജമ്മു കശ്മീർ:താൻ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. കഴിഞ്ഞ വർഷം ലഡാക്കിലെ ലേയിലുണ്ടായ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈകുന്നത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ ഈ നടപടിയുണ്ടായതെന്നും, വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുകയാണെന്നും, കൊടും തണുപ്പിൽ അതിവേഗം കൗൺസിൽ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയാണെന്നും വാങ്ചുക്ക് കുറ്റപ്പെടുത്തി. നേരത്തെ, ലഡാക്കിൽ തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നിലനിൽക്കെ ലേയിലെ പ്രതിഷേധ വേദിയിലെത്തിയ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിച്ചിരുന്നു.
പൊലീസ് നടപടിക്ക് പിന്നാലെ ‘രാജ്യത്തോടുള്ള ലഡാക്കിന്റെ അടിയന്തര അഭ്യർത്ഥന’ എന്ന തലക്കെട്ടിൽ സോനം വാങ്ചുക്ക് എക്‌സിൽ വീഡിയോ സന്ദേശം പങ്കുവച്ചു. ലഡാക്കിന്റെ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും രാജ്യത്തെ ജനങ്ങളും അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.





