ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സർക്കാരിനെതിരായ എല്ലാ ആരോപണങ്ങൾക്കുമുള്ള തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നും ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി' സെക്ഷനിൽ അദ്ദേഹം ആരോപിച്ചു.
നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർത്ഥ രാജ്യദ്രോഹി ആരാണെന്നത് സംവാദത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും അവകാശപ്പെട്ടു. ഒരു മേശയുടെ ഇരുവശത്തുമായി ഇരുന്ന് പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന തരത്തിലുള്ള സംവാദത്തിന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതോ വ്യവസായി ഗൗതം അദാനിയോ വിധികർത്താവായാലും തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കർഷക ബില്ലുകൾ, വോട്ട് മോഷണം, ചൈനീസ് അതിർത്തി പ്രശ്നം, ജനറൽ നരവനെയുടെ പുസ്തകം, അദാനി വിഷയം, യു.എസ് വ്യാപാര കരാർ, ജെഫ്രി എപ്സ്റ്റൈൻ വിവാദം എന്നിവ രാജ്യത്തിന് മുന്നിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളും സംവാദ വെല്ലുവിളിയും ബി.ജെ.പി തള്ളിക്കളഞ്ഞു. രാഹുൽ വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഒളിച്ചോടുന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം ശീലമെന്നും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി; ചർച്ചകൾക്കുള്ള വേദി പാർലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമ്മല സീതാരാമനും പറയാനുള്ള കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ രാഹുലിനെ വെല്ലുവിളിച്ചു.





