ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഭരണഘടനയും നിയമങ്ങളും ഒളിമ്പിക് ചാർട്ടറും കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നിരാശ രേഖപ്പെടുത്തിയ ഐഒസി, ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ അസംബ്ലിയിലേക്കുള്ള 'സ്‌പോർട്ട്‌പേഴ്‌സൺ ഓഫ് മെറിറ്റ്' തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഐഒഎ അധ്യക്ഷ പി.ടി. ഉഷ നൽകിയ പരാതിക്ക് പിന്നാലെയാണ് ഐഒസിയുടെ ഈ പ്രതികരണം. ഭരണസമിതിയിൽ നിന്ന് തന്നെ പുറത്താക്കാൻ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച പി.ടി. ഉഷ, വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ തേടിയത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതിയിലേക്ക് മത്സരിക്കുന്നതിനായി ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പി.ടി. ഉഷയെ നാമനിർദ്ദേശം ചെയ്തിരുന്നു. അതിനിടെ, ആഭ്യന്തര തർക്കങ്ങളും പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഫെഡറേഷനെ ഡീബാർ ചെയ്യണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് അജിത് കക്കർ ഐഒഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്.





