ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന 'ചലോ ദില്ലി' മാർച്ചിൽ പങ്കെടുക്കാതിരുന്ന വിവിധ സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം ഭാരവാഹികളെ യൂത്ത് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിൽ നിന്നുള്ള 60 നേതാക്കൾ ഉൾപ്പെടെ ഗുജറാത്ത് (49), ജാർഖണ്ഡ് (32), പശ്ചിമ ബംഗാൾ (26), തെലങ്കാന (14), ഹിമാചൽ പ്രദേശ് (13), ഉത്തർപ്രദേശ് (11), ഹരിയാന (10) എന്നിവിടങ്ങളിലെ പ്രവർത്തകർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. മധ്യപ്രദേശിൽ ഒൻപത് ജില്ലാ പ്രസിഡന്റുമാരും അഞ്ച് വൈസ് പ്രസിഡന്റുമാരും 14 ജനറൽ സെക്രട്ടറിമാരും 32 സെക്രട്ടറിമാരും പുറത്തായവരിൽ ഉൾപ്പെടുന്നു.
നടപടി നേരിട്ട മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രോഹിത് രജോരിയ സംഘടനയ്ക്കെതിരെയും ഐസ (AISA) നേതാവ് നേഹ ബോറയ്ക്ക് വേദിയിൽ അമിത പ്രാധാന്യം നൽകിയതിനെതിരെയും രംഗത്തെത്തി. മാതൃസഹോദരൻ മരിച്ച് പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന വിവരം നേതൃത്വത്തെ അറിയിച്ചിരുന്നിട്ടും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി പാർട്ടിക്കായി വിയർപ്പൊഴുക്കുന്നവരെ തഴഞ്ഞ് നേഹ ബോറയെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധിയെ നേരിട്ട് കാണുമെന്നും രോഹിത് പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിനാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എംപി, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, മമത ബാനർജി, നേഹ ബോറ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം എക്സ് പേജിലൂടെ അച്ചടക്ക നടപടി സ്ഥിരീകരിച്ചത്.





